നിയമങ്ങള്‍ നേരത്തേ പിന്‍വലിച്ചിരുന്നെങ്കില്‍ ആ കര്‍ഷകര്‍ ജീവിച്ചിരിക്കുമായിരുന്നു; മോദിക്ക് കുത്തുമായി വരുണ്‍ ഗാന്ധി

 | 
Varun Gandhi

കാര്‍ഷിക നിയമങ്ങള്‍ നേരത്തേ പിന്‍വലിച്ചിരുന്നെങ്കില്‍ കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടമായ 700 കര്‍ഷകര്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് ഹിജെപി എംപി വരുണ്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോഷ്യല്‍ മീഡിയയില്‍ എഴുതിയ തുറന്ന കത്തിലാണ് വരുണ്‍ ഈ പരാമര്‍ശം നടത്തിയത്. സമരത്തില്‍ ജീവന്‍ നഷ്ടമായ കര്‍ഷകര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പ്രേരിതമായ വ്യാജ കേസുകള്‍ എല്ലാം പിന്‍വലിക്കണമെന്നും കര്‍ഷകരുടെ മിനിമം താങ്ങുവില എന്ന ആവശ്യം അംഗീകരിക്കണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും സമരം നടത്തിയ കര്‍ഷകര്‍ക്കെതിരെ പ്രകോപനകരമായ പ്രസ്താവനകള്‍ നടത്തി. അവയുടെ ആകെത്തുകയാണ് ഒക്ടോബര്‍ 3ന് ലഖിംപൂര്‍ ഖേരിയില്‍ 5 കര്‍ഷകരുടെ കൂട്ടക്കൊല.

ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിനേറ്റ കളങ്കമാണ്. സംഭവവുമായി ബന്ധമുള്ള കേന്ദ്രമന്ത്രിക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്നും വരുണ്‍ പറഞ്ഞു.