'തെളിവുണ്ടെങ്കിൽ കൈമാറട്ടെ'; വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കയ്യില്‍ തെളിവുണ്ടെങ്കിൽ കൈമാറട്ടെയെന്ന് മാങ്കൂട്ടത്തിൽ വെല്ലുവിളിച്ചു.
കെ സുരേന്ദ്രന്റെ പക്കൽ തെളിവുകള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് കൈമാറണം. വിഷയത്തിൽ അന്വേഷണം വരുമ്പോൾ പ്രതിരോധം തീർക്കാൻ ഞങ്ങൾ നിൽക്കില്ല. അത് ഒരു കാലഘട്ടത്തിലും കോൺഗ്രസിൻ്റെ സംസ്കാരം അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഏതൊരു അന്വേഷണം വേണമെങ്കിലും സ്വാഗതം ചെയ്യും. നൂറ് ശതമാനം അന്വേഷണത്തോട് സഹകരിക്കുമെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു. വളരെ തയ്യാറെടുപ്പോടുകൂടി കൃത്യമായ ഏജന്‍സിയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കമ്മിറ്റി തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുന്നത്. യൂത്ത് കോണ്‍ഗ്‌സ് ദേശീയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കബിളിപ്പിക്കുവാന്‍ അസാധ്യമായിരുന്നുവെന്ന് ഫീല്‍ഡില്‍ പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ എനിക്ക് ബോധ്യമുണ്ട്. ആരെങ്കിലും അത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ അതിനെ പറ്റി ബോധ്യമില്ല, ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വിഫലമാകുകയും പരാജയപ്പെട്ട് പോവുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഈ തിരഞ്ഞെടുപ്പെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.