കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടു പോകാം; എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എം.എം.മണി

 | 
CPM Idiukki

ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എം.എം.മണി. സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ രാജേന്ദ്രന് സിപിഎമ്മില്‍ തുടരാനാകില്ലെന്നും മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നും എം.എം.മണി പറഞ്ഞു. മറയൂര്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മണിയുടെ പരാമര്‍ശം.

എസ്. രാജേന്ദ്രന്‍ അംഗമായിട്ടുള്ള ഏരിയാ കമ്മറ്റിയാണ് മറയൂര്‍. എന്നാല്‍ രാജേന്ദ്രന്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. രാജേന്ദ്രന് എതിരായ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നും മണി വ്യക്തമാക്കി. എന്തെല്ലാം പ്രശ്‌നമുണ്ടെങ്കിലും സമ്മേളനത്തില്‍ വരാതിരിക്കുന്നത് സംഘടനാ വിരുദ്ധമായ പ്രവൃത്തിയാണ്.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാലും സമ്മേളനത്തില്‍ വരാത്തതുകൊണ്ട് അയാള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ല, പുറത്താക്കും. അയാള്‍ക്ക് വേറെ പാര്‍ട്ടി നോക്കാം. തോട്ടം തൊഴിലാളിയുടെ മകനായി ജനിച്ചതാണ് രാജേന്ദ്രന്‍. അത്യാവശ്യം വിദ്യാഭ്യാസമുണ്ട്. രാഷ്ട്രീയബോധമുണ്ട്. പക്ഷേ രാഷ്ട്രീയബോധമൊക്കെ തെറ്റിപ്പോയാല്‍ എന്തു ചെയ്യും.

മൂന്ന് പ്രാവശ്യം എംഎല്‍എയായി. 15 വര്‍ഷം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. പിന്നെ ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് പെന്‍ഷനായി നല്ല സംഖ്യകിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാര്‍ട്ടിയെന്നും മണി ചോദിച്ചു.