'ഒരു ദിവസം കൊണ്ട് അനാഥരായിപോയ കുട്ടികളുടെ അവസ്ഥ കണ്ടാൽ പിന്നീട് തെറ്റ് ചെയ്യാൻ നിങ്ങൾക്കാർക്കും തോന്നില്ല'; ബസ് ജീവനക്കാര്‍ വായിക്കണം, ഹൃദയം നുറുങ്ങുന്ന ഈ കുറിപ്പ്

 | 
kio

കോഴിക്കോട് വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ ബസ്സിടിച്ച് ദമ്പതിമാരായ ഷൈജുവും ജീമയും മരിച്ച സംഭവത്തിൽ ഉറ്റസുഹൃത്തായ സുമേഷ് പിലാത്തോട്ടത്തിൽ ഫേസ്ബുക്കിൽ വേദനയോടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 9.53 ന് എൻ്റെ മൊബൈലിലേക്ക് ഷൈജുവിൻ്റെ നമ്പറിൽ നിന്ന് വന്ന കോളിൻ്റെ നടുക്കം ഇപ്പോഴും വിട്ട് മാറുന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പിന്റെ തുടക്കം. ബസ്സുകാരെ കുറ്റപ്പെടുത്താൻ താൻ ആളല്ലെന്നും എങ്കിലും നിങ്ങളുടെ സമയവും കാര്യങ്ങളും തിരക്കുമൊന്നും RTO ക്ക് അറിയുന്ന പോലെ ചെറു വാഹനക്കാർക്കും കാൽനട യാത്രക്കാർക്കുമറിയില്ലെന്നും ഒരു ദിവസംകൊണ്ട് അനാഥരായിപോയ പോയ അവരുടെ മക്കളുടെ അവസ്ഥ മനസിലാക്കിയാൽ പിന്നീട് തെറ്റ് ചെയ്യാൻ തോന്നില്ലെന്നും സുമേഷ് കുറിപ്പിൽ പറയുന്നു.

വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സ്കൂട്ടറിൽ ബസ്സിടിച്ച് ദമ്പതിമാരായ കക്കോട് സ്വദേശി ഷൈജുവും ഭാര്യ ജീമയും മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ബസ് ഡ്രൈവറെയും ഉടമയെയും ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.  ബസ് ഡ്രൈവര്‍ അഖില്‍ കുമാർ, ഉടമ അരുൺ എന്നിവരാണ് അറസ്റ്റിലായത്.
 


ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം 

ഇന്നലെ രാവിലെ 9.53 ന് എൻ്റെ മൊബൈലിലേക്ക് ഷൈജുവിൻ്റെ നമ്പറിൽ നിന്ന് വന്ന കോളിൻ്റെ നടുക്കം ഇപ്പോഴും വിട്ട് മാറുന്നില്ല മെഡിക്കൽ കോളേജിലെ PRO വിളിച്ച് വിവരം പറയലും മെഡിക്കൽ കോളേജിൽ എത്തുമ്പോൾ ചേതനയറ്റ രണ്ട് ശരീരങ്ങൾ മാത്രമായിരുന്നു അവർ.
ഒരു പാട് കാലം സ്നേഹിച്ച് വിവാഹം കഴിച്ച അവരുടെ താലിമാലയടക്കമുള്ള ആഭരണങ്ങൾ ഏറ്റുവാങ്ങാൻ എൻ്റെ കൈ വിറച്ചപ്പോൾ കൂടയുള്ള ഗിരീശേട്ടനാണ് ഏറ്റ് വാങ്ങിയത്

 43 ഉം 38 വയസുള്ള ഇവരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത് ആ ബസ് ഡ്രൈവർ മാത്രമാണ് .പ്രിയപ്പെട്ട ബസ് ജീവനക്കാരെ. എല്ലാവരെയും കുറ്റപ്പെടുത്താൽ ഞാൻ ആളല്ല എങ്കിലും ഒന്ന് പറയട്ടെ നിങ്ങളുടെ ടൈമിംങ്ങ് പ്രശ്നങ്ങൾ നിങ്ങൾക്കും ഓണർമാർക്കും RT 0 ക്കും മാത്രമറിയുന്ന പ്രശ്നങ്ങളാണ് റോഡിലൂടെ പോകുന്ന ചെറു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അതൊന്നും അറിയില്ല എന്നതാണ് സത്യം .പിറകിൽ നിന്നും ഹോണടിച്ച് പേടിപ്പിച്ച് വഴിമാറ്റുന്ന സിസ്റ്റം ഇനിയെങ്കിലും നിർത്തണം.

നിങ്ങളെല്ലാവരും മരിച്ച വീട്ടിലൊന്ന് വരണം അച്ഛൻ്റെയും അമ്മയുടെയും ചിതക്ക് ഒരുമിച്ച് തീകൊളുത്തിയ ഒരു 11 വയസുകാരൻ്റെ കണ്ണിലെ നിസഹായവസ്ഥ ഒന്ന് കാണണം ഒരു ദിവസം കൊണ്ട് അനാ ഥമായിപ്പോയ13 വയസകാരിയുടെ മനസൊന്ന് മനസ്സിലാക്കണം അവരെയൊന് ചേർത്ത് പിടിച്ച് നോക്ക് ഒരു നിമിഷം പോലും തെറ്റ് ചെയ്യാൻ നിങ്ങൾക്കാർക്കും പിന്നീട് തോന്നില്ല .ഇനിയും ഇത്തരം വാർത്തകൾ കാണാതിരികട്ടെ എന്ന് പ്രതീക്ഷിക്കുന്നു .പ്രിയപ്പെട്ട കൂട്ടുകാർക്ക് ഒരിക്കൽക്കൂടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കടപ്പാട് 😔