ഐഎഫ്എഫ്‌കെ ഫെബ്രുവരിയില്‍; ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബറില്‍, തിയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ തിയതികള്‍ പ്രഖ്യാപിച്ചു. 26-ാമത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 4 മുതല്‍ 11-ാം തിയതി വരെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരത്തെ 12ഓളം തീയേറ്ററുകളിലായി 8 ദിവസം നീളുന്ന മേള നടക്കുമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ്എല്‍ തിയേറ്റര്‍ കോംപ്‌ളക്‌സിലെ നാല് സ്‌ക്രീനുകളില്‍ നടക്കുമെന്നും മന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റ് വായിക്കാം
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 -ാമത് രാജ്യാന്തര ചലച്ചിത്രമേളയും (IFFK) 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും (IDSFFK) തിരുവനന്തപുരത്ത് നടക്കും.
കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ 26 -ാമത് എഡിഷന്‍ 2022 ഫെബ്രുവരി 4 മുതല്‍ 11 വരെയാണ് നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍പ്പോലും IFFK മുടക്കമില്ലാതെ നടത്താന്‍ നമുക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന IFFKയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ് എല്‍ തിയേറ്റര്‍ കോംപ്‌ളക്‌സിലെ നാല് സ്‌ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഏരീസ് പ്‌ളക്‌സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1ല്‍ ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.