വടക്കന്‍ ജില്ലകളില്‍ മെച്ചപ്പെട്ട പോളിങ്; വോട്ടുചെയ്ത് പ്രമുഖര്‍; ഒരു മണി വരെ പോളിങ് അമ്പത് ശതമാനത്തോളം

 | 
vote


തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഒരു മണി വരെ അമ്പത് ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ ഇടതുതരംഗമുണ്ടാകുമെന്നാണ് എല്‍ഡി നേതാക്കളുടെ ആത്മവിശ്വാസം. ഭരണവിരുദ്ധവികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ്ബിജെപി നേതാക്കള്‍ പ്രതികരിച്ചു. (more than 50 percent polling in northern kerala)


തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ളഏഴ് ജില്ലകളില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ മുതല്‍ മിക്കയിടത്തും പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ തിരക്ക് അനുഭവപ്പെട്ടു. ആദ്യമണിക്കൂറുകളില്‍ പലയിടത്തും വോട്ടിങ് മെഷീനുകള്‍ തകരാറിലായെങ്കിലും, പിന്നീട് പരിഹരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയും, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന കേസും, നടി ആക്രമിക്കപ്പെട്ട സംഭവവും രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തിലും ചര്‍ച്ചയായി. എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ലോക്‌സഭയിലെ വിജയം ആവര്‍ത്തിക്കുമെന്നും പ്രതിപക്ഷത്തെ നേതാക്കളും പ്രതികരിച്ചു.

മലപ്പുറം കരുവാരക്കുണ്ട് 11 ആം വാര്‍ഡില്‍ വിവാഹ വസ്ത്രത്തില്‍ വധു വോട്ട് ചെയ്യാനെത്തിയത് കൗതുകമായി. ജിന്‍ഷിദയാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇതിനിടെ കാസര്‍കോട് കുംബഡാജെയില്‍ എല്‍ഡിഎപിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം നാടന്‍ ബോംബ് കണ്ടെത്തി. കെ പ്രകാശിന്റെ വീടിന് സമീപത്താണ് ബോബുകള്‍ കണ്ടെത്തയത്. കാസര്‍ഗോഡ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സനൂപ് ജോണ്‍, നിഷാദ് എന്നിവരെ പോളിങ് സ്റ്റേഷനില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്കെതിരെ ആന്വേഷണം ആരംഭിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ആറാം വാര്‍ഡില്‍ പോളിങ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചെത്തിയിനെ തുടര്‍ന്ന് ഇയാളെ മാറ്റി പകരം മറ്റൊരാളെ നിയോഗിച്ചു. കണ്ണൂര്‍ മോറാഴ സൗത്ത് എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്പന തൊഴിലാളി കെ പി സുധീഷ് ആണ് മരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വോട്ടെടുപ്പ് മാറ്റി.