കണ്ണൂരില്‍ പോലീസുകാര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്ത യുവാക്കളെ പോലീസ് വാഹനം തടഞ്ഞെന്ന കേസില്‍ അറസ്റ്റ് ചെയ്തു

 | 
Sanoop

പാനൂര്‍ ചൊക്ലിയില്‍ പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. സനൂപ്, ഫായിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ഭീഷണിപ്പെടുത്തി, പോലീസ് വാഹനം തടഞ്ഞു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് യുവാക്കള്‍ ചോദ്യം ചെയ്തത്. 

സനൂപിനും സുഹൃത്തിനും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയിരുന്നു. ഇതിനു ശേഷം പോലീസ് തിരികെ വരുമ്പോള്‍ പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് സനൂപ് ചോദ്യം ചെയ്യുകയായിരുന്നു. സനൂപുമായി പോലീസുകാര്‍ വാക്കേറ്റത്തിന് മുതിര്‍ന്നപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയും പോലീസുമായി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. 

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് പോലീസ് നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.