നാഗാലാന്‍ഡില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 13 ഗ്രാമീണരും ഒരു സുരക്ഷാ സൈനികനും കൊല്ലപ്പെട്ടു
നാഗാലാന്‍ഡില്‍ സൈന്യം 13 ഗ്രാമീണരെ വെടിവെച്ചു കൊന്നു. മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒട്ടിങ് ഗ്രാമത്തിലാണ് സംഭവം. എന്‍.എസ്.സി.എന്‍. തീവ്രവാദികളെന്ന് കരുതി ഗ്രാമീണര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു സുരക്ഷാ സൈനികനും കൊല്ലപ്പെട്ടു.
ഗ്രാമീണര്‍ പിക് അപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇവരെ കാണാത്തതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ ട്രക്കില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ സൈന്യത്തിനെതിരെ തിരിഞ്ഞു. സേനയുടെ മൂന്ന് വാഹനങ്ങള്‍ക്ക് ജനക്കൂട്ടം തീയിട്ടു. ജനക്കൂട്ടത്തിന് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 7 ഗ്രാമീണര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ നടത്തിയതെന്നും എന്നാല്‍ നിര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കുമെന്നും നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ രൂപീരിക്കുന്ന പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.