പൃഥ്വിരാജ്, ദുല്‍ഖര്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് പരിശോധന
നടന്‍മാരും നിര്‍മാതാക്കളുമായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് പരിശോധന. ജിഎസ്ടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് വിഭാഗം പരിശോധന നടത്തിയിരുന്നു.
ഇവര്‍ മൂന്നു പേരും ഹാജരാകണമെന്ന് കാട്ടി ഇന്‍കം ടാക്‌സ് വിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. നിലവിലെ കണക്കുകളിലും വരുമാനത്തിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയെന്നാണ് സൂചന. രേഖകള്‍ ഹാജരാക്കണമെന്നാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
സിനിമാ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് പരിശോധനയുണ്ടാകും. വിതരണാവകാശത്തിനുള്ള കരാറായാണ് പല താരങ്ങളും പ്രതിഫലം കാണിക്കുന്നത്. ഇതിലൂടെ ഇവര്‍ ടിഡിഎസ് ലാഭിക്കുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്‍കം ടാക്‌സ് വിഭാഗം വ്യക്തമാക്കി.