നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 157 റൺസ് വിജയം. ബൗളർമാർ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

 | 
Cricket

ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 157 റൺസ് വിജയം. 368 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 210 റൺസിന് ഓൾ ഔട്ട് ആയി. രണ്ടാം സെഷനിൽ തുടരെ വീണ വിക്കറ്റുകൾ ആണ് ഇംഗ്ലണ്ടിനെ തകർത്തത്.

ഓപ്പണർമാർ 100 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും അത് മുതലാക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. സ്കോർ 100ൽ നിൽക്കെ 50 റൺസ് എടുത്ത റോറി ബേൺസ് പുറത്തായതോടെ ഇംഗ്ലണ്ട് പരുങ്ങലിൽ ആയി. ഷർദുൽ താക്കൂർ ആണ് ഇന്ത്യക്ക് വിക്കറ്റ് നേടിതന്നത്. തൊട്ടു പിന്നാലെ മലാൻ 5 റൺസ് നേടി റൺ ഔട്ട് ആയി. സ്കോർ 141ൽ നിൽക്കെ നന്നായി കളിച്ച ഹസീബ് ഹമീദ് ജഡേജയുടെ പന്തിൽ ബൗൾഡ് ആയി. പിന്നാലെ 3 വിക്കറ്റുകൾ തുടരെ വീണു.

ജസ്‌പീർ ബുംമ്ര ഓലി പോപ്പെ, ബെയർസ്റ്റോ എന്നിവരുടെ കുറ്റി തെറിപ്പിച്ച് ഇന്ത്യക്ക് വിജയത്തിന്റെ വഴി കാണിച്ചു തന്നു. പോപ്പെ 2നും ബെയർസ്റ്റോ പൂജ്യത്തിനും പുറത്തായി.പൂജ്യത്തിനു തന്നെ മോയിൻ അലിയെ ജഡേജ പകരക്കാരൻ ഫീൽഡർ സൂര്യകുമാർ യാദവിന്റെ കയ്യിൽ എത്തിച്ചു.

നായകൻ ജോ റൂട്ട് ഒരു അറ്റത് പിടിച്ചു നിൽക്കാൻ ശ്രമിച്ചു എങ്കിലും താക്കൂറിന്റെ മികച്ച ഒരു പന്തിൽ ബൗൾഡ് ആയി. തൊട്ടു പിന്നാലെ ക്രിസ് വോക്ക്‌സും പുറത്തായി. ഉമേഷ് യാദവ് ആണ് വിക്കറ്റ്‌ വീഴ്ത്തിയത്. സ്കോർ 202ൽ നിൽക്കെ ഓവർട്ടൺ ഉമേഷിന് മുന്നിൽ വീണു. അവസാനം ആൻഡേഴ്‌സൺ ഉമേഷിന്റെ പന്തിൽ കീപ്പർക്ക് പിടികൊടുത്തു മടങ്ങിയതോടെ ഇന്ത്യൻ വിജയം പൂർണ്ണമായി.

ഉമേഷ് യാദവ് 3 വിക്കറ്റും ബുംമ്ര, താക്കൂർ, ജഡേജ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. 

സ്കോർ ഇന്ത്യ 191&466 ഇംഗ്ലണ്ട് 290& 210

ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2- 1ന് മുന്നിൽ എത്തി. അടുത്ത ടെസ്റ്റ് മാഞ്ചസ്റ്ററിൽ 10ന് തുടങ്ങു.