വിവരങ്ങള്‍ ലഭിച്ചത് യൂട്യൂബില്‍ നിന്ന്; പന്ത്രണ്ടാം ക്ലാസുകാരന്‍ പൊളിച്ചടുക്കിയ പ്രസംഗത്തെ ന്യായീകരിച്ച് മുന്‍ ഡിജിപി
ഹാര്‍വാര്‍ഡ് സര്‍വകലാശാല നിര്‍മിച്ച കെട്ടിടം പൊളിച്ചതിനെക്കുറിച്ചുള്ള പ്രസംഗം പൊളിഞ്ഞതിന് പിന്നാലെ ന്യായീകരണവുമായി മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് രംഗത്ത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ നിന്ന് രണ്ടു വാചകങ്ങള്‍ അടര്‍ത്തിമാറ്റിയാണ് തനിക്കെതിരെ വിവാദങ്ങളും ട്രോളുകളും ഉയരുന്നതെന്ന് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. തനിക്ക് ലഭിച്ച വിവരങ്ങളും അറിവും വിദ്യാര്‍ഥികളിലേക്കെത്തിക്കാനാണ് ശ്രമിച്ചത്. യൂട്യൂബില്‍ നിന്ന് ലഭിച്ച ഒരു പ്രസംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്ലാസ്.
സനാതന ധര്‍മ്മത്തെക്കുറിച്ച് ക്ലാസെടുക്കുന്ന അമേരിക്കയിലെ ഏതാനും സന്ന്യാസിമാര്‍ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തിലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. അതിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. വെള്ളക്കാര്‍ക്കാണ് അവര്‍ ക്ലാസ്സെടുക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ കെട്ടിടം പൊളിച്ചതിനെക്കുറിച്ച് അതിലാണ് പറയുന്നത്. സന്ന്യാസിമാര്‍ കള്ളം പറയുമെന്ന് താന്‍ കരുതുന്നില്ല. അമേരിക്കക്കാരോടാണ് പ്രസംഗിക്കുന്നത്, പ്രസംഗിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് അവര്‍ അപ്പോള്‍ തന്നെ കണ്ടുപിടിച്ച് തിരുത്തും.
ലോഡ് കെസ്റ്റര്‍ എന്നയാളാണ് ഈ കെട്ടിടം നിര്‍മിച്ചത്. കെസ്റ്റേഴ്‌സ് ഹൗസ് എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് അത് പൊളിച്ചതും പുതിയത് നിര്‍മിച്ചുകൊടുത്തതും. 80 കൊല്ലം മുന്‍പ് രണ്ടാം ലോകമഹായുദ്ധ കാലത്ത് നടന്ന സംഭവമാണ് ഇതെന്നാണ് മുന്‍ ഡിജിപിയുടെ വിശദീകരണം. ഹാര്‍വാര്‍ഡ് സര്‍വകലാശാല ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷിച്ച അഭിറാം എന്ന വിദ്യാര്‍ത്ഥിയോട് സംഭവത്തെക്കുറിച്ച് മതിയായ വിവരങ്ങള്‍ ഇല്ലെന്ന മറുപടിയാണ് സര്‍വകലാശാല നല്‍കിയതെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു.
അഭിരാമിന് തന്റെ അഭിനന്ദനങ്ങളുണ്ട്. ആ കുട്ടിയെ ഹാര്‍വാര്‍ഡില്‍ വിട്ട് പഠിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹം. അതിനുള്ള വിവരങ്ങള്‍ താന്‍ അഭിരാമിന് നല്‍കും. താന്‍ കാലങ്ങളായി കുട്ടികള്‍ക്ക് ലോകവിവരങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കേള്‍ക്കുന്ന എല്ലാ പ്രസംഗവും വായിക്കുന്ന പുസ്തകങ്ങളും വെരിഫൈ ചെയ്യാന്‍ പറ്റില്ല. കിഴക്കോട്ട് തിരിഞ്ഞ് പഠിക്കുന്നത് ബുദ്ധിയും ഓര്‍മശക്തി കൂടാനും സഹായിക്കും. പൂര്‍വദിശ, ജ്ഞാനദിശ.. ദക്ഷിണദിശ, മൃത്യു ദിശ എന്നാണ് പറയുന്നത്. സനാതന ധര്‍മം ലോകത്തെ പഠിപ്പിച്ച തത്വമാണ് അത്. എന്നാല്‍ അതിനെ കുറിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടാവാം. കിഴക്കോട്ട് തിരിഞ്ഞുപഠിച്ചതുകൊണ്ട് ഗുണമുണ്ടായതായി എന്റെ പല വിദ്യാര്‍ഥികളും നേരിട്ട് വിളിച്ചുപറഞ്ഞിട്ടുണ്ട്.
ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മലയാളികള്‍ക്ക് ഒട്ടനവധി നീറുന്ന പ്രശ്നങ്ങളുണ്ട്. മഴയുണ്ട്. വെള്ളപ്പൊക്കമുണ്ട്. പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. തൊഴിലില്ലായ്മ ഉണ്ട്. അതൊക്കെയാണ് കേരളം ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ ഹാര്‍വാര്‍ഡില്‍ കെട്ടിടം പൊളിച്ചാലെന്താ, പൊളിച്ചില്ലെങ്കിലെന്താ എന്നും മുന്‍ ഡിജിപി ചോദിക്കുന്നു.