കഴിച്ചത് മറ്റേതോ രാസവസ്തു; ഇരിങ്ങാലക്കുടയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയത് വ്യാജമദ്യമല്ലെന്ന് പോലീസ്

 | 
Iringalakkuda

ഇരിങ്ങാലക്കുടയില്‍ രണ്ടു പേരുടെ മരണത്തിന് കാരണമായത് വ്യാജമദ്യമല്ലെന്ന് പോലീസ്. മറ്റേതോ രാസവസ്തുവാണ് മദ്യത്തിന് പകരം ഇവര്‍ കഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ലാബിലെ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കൂ എന്നും പോലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ 43 വയസ്സുള്ള നിശാന്ത്, ഇരിങ്ങാലക്കുട ബിവറേജസ് ഔട്ട് ലെറ്റിന് സമീപം തട്ടുകട നടത്തുന്ന 42 വയസ്സുള്ള ബിജു എന്നിവരാണ് മരിച്ചത്. വ്യാജമദ്യം കഴിച്ചാണ് ഇവര്‍ മരിച്ചതെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇവര്‍ മദ്യപിച്ച ചിക്കന്‍ സെന്ററില്‍ പോലീസ് പരിശോധന നടത്തി. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവര്‍ കഴിച്ചിരുന്ന മദ്യത്തിന്റെ ബാക്കിയും രണ്ടു ഗ്ലാസും വിദഗ്ദ പരിശോധനക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്പി പൂങ്കുഴലി പറഞ്ഞു. ഇവര്‍ കഴിച്ച ദ്രാവകം എവിടെനിന്ന് ലഭിച്ചുവെന്നും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ചിക്കന്‍ സെന്ററില്‍ വെച്ചാണ് ഇരുവരും മദ്യപിച്ചത്.

ഇതിന് ശേഷം ഠാണാ ജംഗ്ഷനിലേക്ക് ബൈക്കില്‍ വരുന്ന വഴി മുന്‍സിഫ് കോടതിക്കു സമീപത്തുവച്ച് നിശാന്ത് കുഴഞ്ഞുവീണു. ഇതേത്തുടര്‍ന്ന് രണ്ടുപേരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിശാന്ത് ഇവിടെ വെച്ചുതന്നെ മരിച്ചു. ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ബിജു ഇന്ന് രാവിലെയാണ് മരിച്ചത്.