പ്രധാനമന്ത്രിക്കെതിരെ അവഹേളനം; ജാൻമണിക്കെതിരെ കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാദരിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്ന പരാതിയിൽ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം.
തനിക്കെതിരെ കേസ് വരികയും സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയും ചെയ്തതോടെ, തന്റെ പ്രസ്താവനയിൽ പൂർണ്ണമായും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെ രംഗത്തെത്തി. താൻ നടത്തിയ പരാമർശം ആരെയും വേദനിപ്പിക്കാൻ വേണ്ടിയുള്ളതല്ലെന്നും, പൊതുസമൂഹത്തിന് മുന്നിൽ പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജാൻമണി വിഡിയോയിലൂടെ പറഞ്ഞു.
ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല ഞാൻ അത് പറഞ്ഞത്. പരസ്യമായി തന്നെ എല്ലാവരോടും ക്ഷമ ചോദിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ കണ്ട ഏതോ ഒരു കണ്ടൻ്റുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിന് ഒരു മറുചോദ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല. ജാൻമണി വിശദീകരിച്ചു.
