കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

 | 
Kovalam Incident

കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ന്യൂഇയര്‍ തലേന്ന് കോവളത്ത് മദ്യം വാങ്ങി വന്ന വിദേശിയെ അവഹേളിച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ബില്‍ ഇല്ലാതെ മദ്യവുമായി എത്തിയതിനെത്തുടര്‍ന്ന് പോലീസ് വിദേശിയെ തടയുകയും സ്വീഡിഷ് പൗരനായ സ്റ്റീഫന്‍ ഇതേത്തുടര്‍ന്ന് മദ്യം ഒഴുക്കി കളയുകയുമായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ പോലീസിന് എതിരെ രംഗത്തെത്തിയിരുന്നു.

സസ്‌പെന്‍ഷനെ തുടര്‍ന്ന് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. താന്‍ കുറ്റമൊന്നും ചെയ്തില്ലെന്നും ഓദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും കാട്ടി എസ്‌ഐ ഷാജിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിദേശിയെ അപമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ഷാജി പറഞ്ഞിരുന്നു.

ഇത് പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നടപടി. കോവളത്തിന് സമീപം വെള്ളാറില്‍ ഹോം സ്റ്റേ നടത്തുകയാണ് സ്റ്റീഫന്‍.