ഗാന്ധിജിക്ക് അധിക്ഷേപം, ഗോഡ്‌സെയ്ക്ക് പുകഴ്ത്തല്‍, വിദ്വേഷ പ്രസംഗം; മധ്യപ്രദേശില്‍ ആള്‍ ദൈവം അറസ്റ്റില്‍

 | 
Kalicharan Maharaj

മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുകയും ഗോഡ്‌സെയെ പുകഴ്ത്തുകയും ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശിയായ കാളീചരണ്‍ മഹാരാജ് എന്ന ആള്‍ദൈവമാണ് ഛത്തീസ്ഗഡ് പോലീസിന്റെ പിടിയിലായത്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന ഹിന്ദുമത സമ്മേളനത്തില്‍ വെച്ച് ഗാന്ധിജിക്ക് എതിരായി പരസ്യ പരാമര്‍ശം നടത്തുകയും ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ഇയാള്‍ പുകഴ്ത്തുകയും ചെയ്തിരുന്നു. മുസ്ലീങ്ങള്‍ക്കെതിരായും ഇയാള്‍ പ്രസംഗത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

വിവാദ പ്രസംഗത്തിനെതിരെ മുന്‍ മേയര്‍ പ്രമോദ് ദുബെ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പരാതിയില്‍ പരിപാടിയുടെ സംഘാടകനായ മഹന്ത് രാംസുന്ദര്‍ ദാസിനെതിരെ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. പ്രസംഗത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് ഖജുരാഹോയില്‍ ബുക്ക് ചെയ്ത ഗസ്റ്റ് ഹൗസില്‍ താമസിക്കാതെ കാളീചരണ്‍ മഹാരാജ് 25 കിലോമീറ്റര്‍ അകലെ മധ്യപ്രദേശ് അതിര്‍ത്തിയില്‍ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു താമസിച്ചത്.

സ്ഥലം കണ്ടുപിടിക്കാതിരിക്കാന്‍ അനുയായികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഓഫാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പോലീസ് ഈ ഒളിത്താവളം കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ ഇയാളെ റായ്പൂര്‍ കോടതിയില്‍ ഹാജരാക്കും.