ചാനല്‍ അഭിമുഖത്തില്‍ അപമാനിച്ചു; ശ്രീനിവാസന് വക്കീല്‍ നോട്ടീസ് അയച്ച് മോന്‍സണെതിരെ പരാതി നല്‍കിയ അനൂപ്

 | 
Sreenivasan
ചാനല്‍ അഭിമുഖത്തില്‍ അപമാനിച്ചുവെന്ന് കാട്ടി നടന്‍ ശ്രീനിവാസന് വക്കീല്‍ നോട്ടീസ് അയച്ച് മോന്‍സണെതിരെ പരാതി നല്‍കിയ അനൂപ് വി. അഹമ്മദ്

കൊച്ചി: ചാനല്‍ അഭിമുഖത്തില്‍ അപമാനിച്ചുവെന്ന് കാട്ടി നടന്‍ ശ്രീനിവാസന് വക്കീല്‍ നോട്ടീസ് അയച്ച് മോന്‍സണെതിരെ പരാതി നല്‍കിയ അനൂപ് വി. അഹമ്മദ്. ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. ചാനല്‍ അഭിമുഖത്തില്‍ തന്നെ ശ്രീനിവാസന്‍ ഫ്രോഡ് എന്ന് വിളിച്ചുവെന്നാണ് അനൂപിന്റെ ആരോപണം. ഇതിനിടെ പരാതിക്കാരെ മോന്‍സണ്‍ മാവുങ്കല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

പരാതിക്കാരായ യാക്കൂബ് പൂറായില്‍, അനൂപ് വി. അഹമ്മദ്, എം.ടി. ഷമീര്‍, ഷാനിമോന്‍ പരപ്പന്‍ എന്നിവര്‍ക്ക് ഭീഷണി സന്ദേശം എത്തിയെന്നാണ് പരാതി. ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പലരും ഭീഷണി മുഴക്കുകയാണ്. വീടിന്റെ പരിസരത്ത് അപരിചിതര്‍ എത്തുന്നു. കേസില്‍നിന്ന് പിന്‍മാറണമെന്ന് ചില സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം സമ്മര്‍ദം ചെലുത്തുന്നു. ഭീഷണി ഭയന്ന് കുടുംബത്തെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്നും പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ഇവര്‍ ആവശ്യപ്പെട്ടു.

മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതി തള്ളിയിരുന്നു. യാക്കൂബ് പൂറായില്‍ അടക്കമുള്ള ആറു പേരെ കബളിപ്പിച്ച് 10 കോടി രൂപ തട്ടിയെടുത്ത കേസിലും മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാടുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പാലാ സ്വദേശി രാജീവില്‍നിന്ന് 1.62 കോടി രൂപ തട്ടിയെടുത്ത കേസിലുമാണ് മോന്‍സണ്‍ ജാമ്യാപേക്ഷ നല്‍കിയത്.