വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്; ഖേദപ്രകടനവുമായി അബ്ദുറഹ്‌മാന്‍ കല്ലായി

 | 
Muslim league

മന്ത്രി പി.എ.മുഹമ്മദ് റിയാസിന് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത് എന്നാണ് ലീഗ് നേതാവിന്റെ വിശദീകരണം. അത് ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നില്ലെന്നും അബ്ദുറഹ്‌മാന്‍ കല്ലായി പ്രസ്താവനയില്‍ പറഞ്ഞു. മുസ്ലീം ലീഗിന്‍റെ ഫെയിസ്ബുക്ക് പേജിലാണ് ഖേദപ്രകടനം നല്‍കിയത്.

മന്ത്രി മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു കോഴിക്കോട് ബീച്ചില്‍ മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ അബ്ദുറഹ്‌മാന്‍ കല്ലായി പറഞ്ഞത്. 'മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ... ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത്. അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,' എന്നായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ വാക്കുകള്‍.

അധിക്ഷേപ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഖേദപ്രകടനവുമായി ലീഗ് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.
സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള 'വിഡ്ഢിത്തം' സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണമെന്നും അബ്ദുറഹ്‌മാന്‍ കല്ലായി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.