നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറുമാറിയതില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നീക്കം. വിചാരണ വേളയില്‍ കൂറുമാറിയ സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ഭാമ, ബിന്ദു പണിക്കര്‍, കാവ്യ മാധവന്‍, ദിലീപിന്റെ ഡ്രൈവര്‍, ഇടവേള ബാബു, സിദ്ദിഖ്, കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്‍ സാഗര്‍ തുടങ്ങിയവര്‍ കൂറുമാറിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയതിനെക്കുറിച്ചും അമ്മയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് ദിലീപും നടിയും തമ്മിലുണ്ടായ തര്‍ക്കം എന്നിവയിലായിരുന്നു സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് പോലീസ് മൊഴിയെടുത്തത്.
പിന്നീട് കോടതിയില്‍ ഈ മൊഴികള്‍ ഇവര്‍ നിഷേധിക്കുകയായിരുന്നു. കേസിലെ സുപ്രധാന സാക്ഷിയാണ് ലക്ഷ്യ ജീവനക്കാരനായിരുന്ന സാഗര്‍. പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തി ഒരു കവര്‍ നല്‍കുന്നത് കണ്ടുവെന്നായിരുന്നു ഇയാളുടെ മൊഴി. ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പും ചേര്‍ന്ന് സാഗറിന് പണം കൈമാറിയതിന്റെ തെളിവുകളും പുറത്തു വന്നിട്ടുണ്ട്.