ഡ്രഡ്ജർ അഴിമതിക്കേസിൽ അന്വേഷണം തുടരാം; ജേക്കബ് തോമസിന് എതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

 | 
Jacob Thomas

മുൻ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേസിൽ വിജിലൻസ് അന്വേഷണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകി. സമ​ഗ്രമായ അന്വേഷണം നടക്കാതെ കേസ് റദ്ദാക്കിയ ഹൈക്കോടതിയുടെ നിലപാടിനോട് യോ​ജിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്സിസുമാരായ അഭയ് എസ് ഓക, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. 

കേസിൽ അന്വേഷണം തുടരാമെങ്കിലും ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടന്നുവെന്നായിരുന്നു പരാതി. ഹോളണ്ട് കമ്പനിയിൽ നിന്നാണ് ഡ്രഡ്ജ് വാങ്ങിയത്. മൂന്നു സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട പർച്ചേയ്സ് കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജർ വാങ്ങിയതെന്നും അതുകൊണ്ട് ജേക്കബ് തോമസിനെതിരെ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി കേസ് തള്ളിയത്. 

ഈ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജേക്കബ് തോമസ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു. ഇല്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ജേക്കബ് തോമസിനെ പീഡിപ്പിക്കാനായി ഉപയോ​ഗിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് കോടതി പറ‍ഞ്ഞു.