ലഖിംപൂര്‍ കര്‍ഷകക്കൊല മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും വാഹനം കയറ്റി കൊലപ്പെടുത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്ന് കണ്ടെത്തല്‍. കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയായ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി.
ആശിഷ് മിശ്രയ്ക്കും മറ്റു പ്രതികള്‍ക്കുമെതിരെ നിലവില്‍ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ വധശ്രമം കൂടി ചുമത്തണമെന്നാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അന്വേഷണസംഘം ആവശ്യപ്പെട്ടത്. കേസില്‍ 13 പ്രതികളാണ് ഉള്ളത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത സംഭവമായതിനാല്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിനുള്ള വകുപ്പ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആയുധ നിയമം അനുസരിച്ചാണ് വധശ്രമത്തിന് കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.