'അജയ്യ'; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ട് എസ്‌ഐ

 | 
Infant kidnapped

കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡില്‍ നിന്ന് തട്ടിയെടുക്കപ്പെടുകയും പിന്നീട് രണ്ടു മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുകയും ചെയ്ത പെണ്‍കുഞ്ഞിന് പേരിട്ടു. അജയ്യ എന്നാണ് വണ്ടിപ്പെരിയാര്‍ സ്വദേശികളാ ശ്രീജിത്തിന്റെയും അശ്വതിയുടെയും കുഞ്ഞിന് നല്‍കിയ പേര്. കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധിനഗര്‍ എസ്‌ഐ റെനീഷാണ് കുഞ്ഞിന് പേര് നിര്‍ദേശിച്ചത്.

തന്റെ മകള്‍ പോരാട്ടങ്ങളെ അതിജീവിച്ചവളാണെന്ന് പിതാവ് ശ്രീജിത്ത് പറഞ്ഞിരുന്നു. ഇതാണ് അജയ്യയെന്ന പേരിന് പിന്നിലെന്ന് പോലീസ് അസോസിയേഷന്‍ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു. വളരെ വേഗത്തില്‍ കുഞ്ഞിനെ കണ്ടെത്തി അമ്മയ്ക്ക് തിരികെ നല്‍കിയതിന്റെ ആഹ്ലാദ സൂചകമായി പോലീസ് അസോസിയേഷന്‍ സ്‌റ്റേഷനില്‍ കേക്ക് മുറിച്ചിരുന്നു.

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യവകുപ്പിന്റേതാണ് നടപടി. കുഞ്ഞുമായി പ്രതി നീതു വാര്‍ഡിന് പുറത്തേക്ക് പോകുമ്പോള്‍ സുരക്ഷാ ജീവനക്കാരി അശ്രദ്ധമായി കസേരയില്‍ ഇരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി.