ഐപിഎൽ: ഹൈദരാബാദിനെതിരെ ഡൽഹിക്ക് അനായാസ ജയം
ദുബായ്: ഹൈദരാബാദ് മുൻ നിര ബാറ്റർമാർ കളി മറന്ന മത്സരത്തിൽ ഡൽഹിക്ക് അനായാസ ജയം. സൺറൈസേഴ്സ് ഉയർത്തിയ 135 എന്ന വിജയ ലക്ഷ്യം പതിനേഴാം ഓവറിൽ 8 വിക്കറ്റ് ബാക്കി നിൽക്കെ ഡൽഹി കാപ്പിറ്റൽസ് മറികടന്നു.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് മൂന്നാം പന്തിൽ തന്നെ ഡേവിഡ് വാർണറുടെ വിക്കറ്റ് നഷ്ടമായി. അൻറിച് നോക്യക്കാണ് വിക്കറ്റ്. പിന്നീടങ്ങോട്ട് ഒരു നല്ല കൂട്ടുകെട്ട് ഉണ്ടാക്കാൻ ടീമിന് കഴിഞ്ഞില്ല. 28 റൺസ് എടുത്ത അബ്ദുൽ സമദ് ആണ് ടോപ്പ് സ്കോററർ. ഡൽഹിക്ക് വേണ്ടി റബാദ മൂന്ന് വിക്കറ്റും അക്സർ പട്ടേൽ, നോക്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് 11 റൺസ് എടുത്ത ഓപ്പണർ പൃഥ്വി ഷോയുടെ വിക്കറ്റ് വേഗം നഷ്ടമായി എങ്കിലും ശിഖർ ധവാനും ശ്രേയസ് അയ്യരും ചേർന്ന് വിജയത്തിന് അടുത്തെത്തിച്ചു. 42 റൺസ് എടുത്ത് ധവാൻ പുറത്തായി. പിന്നീട് എത്തിയ നായകൻ പന്ത് 21 പന്തിൽ 35 റൺസ് നേടി ടീമിന് വിജയം നേടിക്കൊടുത്തു. അയ്യർ 47 റൺസ് നേടി. നോക്യ ആണ് കളിയിലെ താരം.