ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു

 | 
Iran

ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രെസന്റ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവന്നത്.

ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. പ്രതികൂല കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്ന സാഹചര്യത്തിൽ തുർക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്.

പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ മലയിടുക്കിൽ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തൽ.പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഹെലികോപ്റ്ററെന്നാണ് റിപ്പോർട്ടുകൾ. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.

കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്സി.

മൂന്ന് ഹെലികോപ്റ്ററുകൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്നിം വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

2021 ജൂണിലാണ് ഇബ്രാഹിം റെയ്സി ഇറാന്റെ പ്രസിഡന്റായി അധികാരമേറ്റത്.. 1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്ന ശേഷമാണ് പ്രസിഡൻറായത്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനാണ്.