ആഢംബര സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു സാധരണ ബസാണത്; മന്ത്രി ആന്റണി രാജു
നവകേരള സദസിന് ഉപയോഗിക്കുന്ന ബസ് സാധരണ ബസാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസിൽ ആഢംബര സൗകര്യങ്ങൾ ഇല്ല. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി തുടങ്ങിയ കാര്യങ്ങൾ ബസിൽ ഇല്ലെന്നും ആകെയുള്ളത് വാഷ്റൂമും ലിഫ്റ്റും മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് ഒരു പാവം ബസാണെന്നും നവകേരള സദസിന് ശേഷവും ബസ് ഉപയോഗിക്കാനും അതുവഴി സർക്കാരിന് വരുമാനം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ബസിനെ കളർകോഡിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നുവെന്ന പ്രാധാന്യം ബസിനുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇത്തരം പരിപാടികൾ കാണുമ്പോൾ അങ്കലാപ്പിലാണെന്നും ഹാലിളക്കത്തിലാണെന്നും മന്ത്രി വിമർശിച്ചു.
നവകേരള സദസിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം.