ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാന്‍ ആരുമില്ല! ജോയ് മാത്യു

 | 
Joy Mathew

ആക്രമണത്തിനിരയായ നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. മലയാള സിനിമാ ലോകം ഈ പോസ്റ്റ് ഏറ്റെടുക്കുകയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മമ്മൂട്ടിയും പിന്നാലെ മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളും പോസ്റ്റ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

ഇരയ്‌ക്കൊപ്പം എന്ന് പറയാനെളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാന്‍ ആരുമില്ലെന്ന് ജോയ് മാത്യു ഫെയിസ്ബുക്കില്‍ കുറിച്ചു. നടിയുടെ പോസ്റ്റിന് പിന്തുണ നല്‍കുമ്പോഴും കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നയാളെ വിമര്‍ശിക്കാന്‍ സിനിമാ ലോകം തയ്യാറാകാത്തതില്‍ സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഇത്തരത്തില്‍ ഒരു അഭിപ്രായം ഉയരുന്നതും ആദ്യമായാണ്.

Joy

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി എന്നായിരുന്നു ആക്രമണത്തിന് ഇരയായ നടി കുറിച്ചത്.