'മനുഷ്യരാശിക്ക് തന്നെ അപമാനമാണ്,ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ സന്തോഷവതിയാണ്'; മൻസൂർ അലി ഖാനെതിരെ തൃഷ

 | 
trisha


നടൻ മൻസൂർ അലിഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടി തൃഷ. നടൻ മൻസൂർ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ ആണ് തൃഷയുടെ മറുപടി. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ല എന്നും തൃഷ ആഞ്ഞടിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

“മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികത,അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിൽ അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”, എന്നാണ് തൃഷ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് നട‌ൻ മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ മോശം പരാമർശം നടത്തിയ ഒരു വീഡിയോ പ്രചരിച്ചതും അത് വലിയ ചർച്ചകൾക്ക് വഴി വെച്ചതും. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു എന്നൊക്കൊണ് ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിൽ മൻസൂർ പറഞ്ഞിരുന്നത്. കടുത്ത വിമർശനമാണ് നടനെതിരെ സോഷ്യൽ മീഡിയയിലുയരുന്നത്.