നടൻ ഭീമൻ രഘു പാർട്ടി വിട്ടത് നന്നായി; കെ സുരേന്ദ്രൻ

 | 
k surendran


നടൻ ഭീമൻ രഘു ബിജെപി വിട്ടത് നന്നായെന്ന് വിചാരിക്കുന്നയാളാണ് താനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹം 2016 ൽ തന്നെ പരസ്യമായി പാർട്ടിയെ തള്ളി പുറത്തേക്ക് പോയ ആളാണെന്നും സുരേന്ദ്രൻ പറഞ്ഞു.

'പുറത്ത് നിന്നും പാർട്ടിയിലേക്ക് വരുന്നവർക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്നാണ് നിങ്ങൾ പറയുന്നത്. പുറത്ത് നിന്നും വരുന്നവർക്കാണ് കൂടുതൽ പരിഗണന കിട്ടുന്നതെന്നാണ് അകത്തുള്ളവർ പറയുന്നത്. ഇടതുപക്ഷത്തിന്റെ എംഎൽഎയായിരുന്ന അൽഫോൻസ് കണ്ണന്താനം ബിജെപിയിൽ എത്തി കേന്ദ്രമന്ത്രിയായി. എപി അബ്ദുള്ളകുട്ടി പാർട്ടിയുടെ ഉപാദ്ധ്യക്ഷനാണ്. അനിൽ ആന്റണി രണ്ട് മാസംകൊണ്ട് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി. രാജസേനൻ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി, പിന്നീട് മത്സരിച്ചു. അലി അക്ബർ മത്സരിച്ചു, സംസ്ഥാന കമ്മിറ്റി അംഗമാക്കി. അകത്തുള്ളവരേക്കാൾ കൂടുതൽ പരിഗണന ലഭിക്കുന്നത് പുറത്ത് നിന്നും വരുന്നവർക്കാണ്.

ഭീമൻ രഘു പാർട്ടി വിട്ടത് നന്നായി എന്ന് വിചാരിക്കുന്നയാളാണ് ഞാൻ. അദ്ദേഹം 2016 ൽ തന്നെ പാർട്ടി വിട്ടതാണ്. പിപി മുകുന്ദനെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അവഗണിച്ചുവെന്നാണ് മാധ്യമങ്ങൾ ആവർത്തിച്ചു പറയുന്നത്. സത്യം അതല്ല. 22 വർഷം മുമ്പാണ് പിപി മുകുന്ദൻ ബിജെപിയിൽ നിന്നും മാറുന്നത്. അന്ന് ഞാൻ യുവമോർച്ച നേതാവ് മാത്രമാണ്. ആരേയും അധിക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നില്ല. അർഹമായ രീതിയിൽ എല്ലാവരേയും പരിഗണിച്ചിട്ടുണ്ട്.' കെ സുരേന്ദ്രൻ പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ സംസ്ഥാന അധ്യക്ഷൻ തഴഞ്ഞുവെന്ന വാദം ശരിയല്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കോർകമ്മിറ്റിയെ തീരുമാനിക്കുന്നത് സംസ്ഥാന അദ്ധ്യക്ഷനല്ല. കേന്ദ്ര നേതൃത്വമാണ്. ഞാൻ പ്രസിഡന്റായി വന്നശേഷം എല്ലാവർക്കും ഭാരവാഹിത്വം കൊടുത്തിട്ടുണ്ട്. ആരേയും ഒഴിവാക്കിയിട്ടില്ല. പ്രായത്തിന്റെ പേരിലോ അല്ലെങ്കിൽ ഒരുപാട് കാലം ചുമതല വഹിച്ചതിന്റെയോ പേരിൽ ഒഴിവാക്കിയിട്ടുണ്ട്. അവരെയെല്ലാം നാഷണൽ കൗൺസിൽ മെമ്പർമാരാക്കിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.