കിതപ്പ് വന്നതും ക്ഷീണം വന്നതും മനുഷ്യസഹജം, ട്രോളുന്ന യുവപോരാളികളിൽ എത്ര പേർക്ക് ഇത്രയും കിലോമീറ്റർ കിതയ്ക്കാതെ നടക്കാൻ കഴിയും?; സുരേഷ് ഗോപിക്ക് പിന്തുണയുമായി അഞ്ജു പാർവതി പ്രഭീഷ്

 | 
anjun parvathy

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരായി ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയ്ക്ക് പിന്നാലെ ചില ട്രോളുകൾ വന്നിരുന്നു.  പദയാത്ര പത്ത് കിലോമീറ്റർ ദൂരം താണ്ടുമ്പോഴേക്കും സുരേഷ് ഗോപി അടക്കമുള്ളവർ കിതച്ചു തളർന്നെന്നും സുരേഷ് ഗോപി നടക്കാൻ ബുദ്ധിമുട്ടുന്ന വീഡിയോയുമാണ് ട്രോളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ട്രോളന്മാരെ വിമർശിച്ചുകൊണ്ട് സുരേഷ് ഗോപിക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്.

പതിനെട്ടു കിലോമീറ്റർ അറുപത്തഞ്ച് വയസ്സുള്ള ആ മനുഷ്യൻ നടന്നത് കൂപ്പറുകളുടെയോ കാരവന്റെയോ വിശ്രമ ഇടവേളകളോ ശീതളിമയോ ഇല്ലാതെ തന്നെയാണ്. കിതപ്പ് വന്നതും ക്ഷീണം വന്നതും മനുഷ്യ സഹജമാണ്. കീബോർഡ് കുത്തിമറിച്ച് അങ്ങേരെ ട്രോളുന്ന ട്രോളുന്ന യുവപോരാളികളിൽ എത്ര പേർക്ക് ഇത്രയും കിലോമീറ്റർ കിതയ്ക്കാതെ നടക്കാൻ കഴിയും? എന്ന് അഞ്ജു പാർവതി പ്രഭീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം 

രണ്ട് യാത്രകൾ!!!
ആദ്യത്തേത്…
2017 ൽ നടന്ന ജനജാഗ്രത യാത്ര എന്ന് പേരിട്ട ആദ്യത്തെ യാത്ര നടന്നത് വടകരയിൽ. ആ യാത്രയെ നയിച്ചത് തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിയെന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന ശതകോടീശ്വരന്മാർ വാഴുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ പാർട്ടി സെക്രട്ടറി യശ : സഖാവ് കോടിയേരി ബാലകൃഷ്ണൻ.യാത്രയുടെ പേരിൽ ജനവും ജാഗ്രതയും ഉണ്ടായിരുന്നെങ്കിലും ആര് ജാഗ്രത പുലർത്തണം എന്ന് ജനങ്ങൾക്ക് മനസ്സിലായത് തൊഴിലാളിവർഗ്ഗത്തിന്റെ നേതാവ് കോടികൾ വില വരുന്ന മിനി കൂപ്പറിൽ യാത്ര ചെയ്തത് കൊണ്ട് മാത്രം ആയിരുന്നില്ല, മറിച്ച് അതിന്റെ ഉടമസ്ഥൻ കാരാട്ട് ഫൈസൽ ആരായിരുന്നുവെന്ന് അറിഞ്ഞത് കൊണ്ടും കൂടിയായിരുന്നു.

അണികൾ കാൽനടയായി നടന്നപ്പോൾ ജാഥാക്യാപ്റ്റൻ ആഡംബരവാഹനത്തിലേറി ജനങ്ങളോട് ജാഗ്രത വേണം എന്നുര ചെയ്തു. അങ്ങനെ യാത്ര ചെയ്യുന്ന നേതാവ് എങ്ങനെ കിതയ്ക്കും?? എങ്ങനെ തളരും?? ജനങ്ങളുടെ നികുതിപ്പണം അപ്പാടെ അടിച്ചെടുത്തും സ്വർണ്ണക്കടത്തു – ബൂർഷ്വാ മുതലാളിമാരുടെ കൂടെ ഉണ്ടും ഉറങ്ങിയും നടന്നു ശീലിച്ച നാട്ടരചന്മാർക്ക് പതിനെട്ടു കിലോമീറ്റർ പോയിട്ട് അര കിലോമീറ്റർ നടന്നാൽ കിതയ്ക്കും, പതയും നുരയും വരുവേം ചെയ്യും!!!രോഗവും പ്രായവും തളർത്തിയ ഒരു ജനനേതാവ് അന്ന് വാഹനത്തിൽ കയറി ഒരു ജാഥയെ നയിച്ചത് ആയിരുന്നില്ല വിമർശനങ്ങൾക്ക് കാരണം, മറിച്ച് അദ്ദേഹം ഉപയോഗിച്ച വാഹനം ആരുടേത് എന്നത് ആയിരുന്നു വിമർശനങ്ങൾക്ക് കാരണം!!!

കാലം കടന്നു പോയി, കേരളം 2017ൽ നിന്നും 2023 ൽ എത്തി. ജനങ്ങളുടെ നികുതിപ്പണം അപ്പാടെയെടുത്തു യൂറോപ്പിലും അമേരിക്കയിലും കുടുംബസമേതം യാത്ര പോകുന്നതും മാസപ്പടി വാങ്ങുന്നതും ഒക്കെ നവകമ്മ്യൂണിസത്തിന്റെ ശീലമായി. പത്തമ്പത് അകമ്പടി വാഹനങ്ങളുടെ ആഡംബരയാത്രയിൽ റോഡിൽ ചീറിപ്പായുന്ന രാജാവ് നിത്യകാഴ്ചയായി!!!ഒപ്പം ഹെലികോപ്റ്റർ യാത്രയുടെ ആകാശകാഴ്ചയിൽ പ്രജാപതി ചെങ്കോൽ ചുഴറ്റി!!! സഖാക്കളുടെ സ്വന്തം ബാങ്ക് എന്ന് കേളികേട്ട അപഹരണബാങ്കിൽ അരപ്പട്ടിണി കിടന്നും എല്ലുനീരാക്കിയും പണിയെടുത്തവർ ഇട്ട വിയർപ്പിന്റെ വിലയിൽ കയ്യിട്ടുവാരി നേതാക്കന്മാർ കോടീശ്വരന്മാരായി!!!ചന്തയിൽ അണ്ടികച്ചവടം നടത്തിയവർ കോടികൾ നിക്ഷേപം ഉള്ള ബാങ്കിന്റെ അധികാരിയായി മൊത്തം അടിച്ചു മാറ്റി!
എന്നിട്ട്???? ആരും ചോദിക്കില്ല എന്നുള്ള ഉറപ്പിന്റെ ധാർഷ്ട്യത്തിന്മേൽ ഇ ഡി ഇടിമഴയായി!!! രഹസ്യം അങ്ങാടിപ്പാട്ടായി!!!

രണ്ടാം യാത്ര!!
2023 ൽ രാഷ്ട്രീയസമവാക്യങ്ങൾ എഴുതപ്പെടും മുമ്പേ വെള്ളിത്തിരയിൽ അഴിമതിക്കും രാഷ്ട്രീയകപടതയ്ക്കും നേരെ റീൽ ലൈഫിൽ അലറിവിളിച്ച ഹീറോ റിയൽ ലൈഫിൽ രാഷ്ട്രീയക്കുപ്പായമിട്ട് കരുവന്നൂർ കൊള്ളയ്‌ക്കെതിരെ ഒരു പദയാത്ര നടത്തി. കരുവന്നൂർ സഹകരണ ബാങ്ക് മുതൽ തൃശൂർ കോർപ്പറേഷൻ വരെയുള്ള 18 കിലോമീറ്റർ ദൂരം അയാൾ നടന്നു തീർത്തു. ആ യാത്രയുടെ പേര് സഹകാരി സംരക്ഷണ പദയാത്ര.യൗവ്വനത്തിന്റെ തുടക്കം മുതൽ ആഡംബരത്തിൽ ജീവിച്ചു ശീലിച്ച, ആഡംബരം സ്വന്തം തൊഴിലിന്റെ ഭാഗമായ ആ ഒരാൾക്ക് വേണമെങ്കിൽ കോടികൾ വിലമതിക്കുന്ന വാഹനത്തിലേറി ജാഥയെ നയിക്കാം!!! തമിഴ്നാട്ടിൽ ഒക്കെ കണ്ടു ശീലിച്ച സെലിബ്രിറ്റി രാഷ്ട്രീയക്കാർ ചെയ്യുന്നത് പോലെ. ആരും ചോദ്യം ചെയ്യില്ല!! കാരണം കേരളം കണ്ടു ശീലിച്ച ഇത്തരം യാത്രകളിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉദ്ഘാടനം നിർവഹിച്ച ശേഷം വാഹനത്തിൽ കയറി യാത്രയെ നയിക്കുമ്പോൾ അകമ്പടി സേവിക്കുന്ന അണികൾ പതിവ് കാഴ്ച്ച തന്നെയാണ്. ഇവിടെ ആ പതിവ് തെറ്റിച്ചു എന്നതാണ് സുരേഷ് ഗോപി എന്ന സെലിബ്രിറ്റി രാഷ്ട്രീയക്കാരൻ ചെയ്ത ആദ്യ പാതകം..

പതിനെട്ടു കിലോമീറ്റർ അറുപത്തഞ്ച് വയസ്സുള്ള ആ മനുഷ്യൻ നടന്നത് കൂപ്പറുകളുടെയോ കാരവന്റെയോ വിശ്രമ ഇടവേളകളോ ശീതളിമയോ ഇല്ലാതെ തന്നെയാണ്. അതിനിടയിൽ അദ്ദേഹത്തിന് കിതപ്പ് വന്നതും ക്ഷീണം വന്നതും മനുഷ്യസഹജം. കീബോർഡ് കുത്തിമറിച്ച് അങ്ങേരെ ട്രോളുന്ന യുവപോരാളികളിൽ എത്ര പേർക്ക് ഇത്രയും കിലോമീറ്റർ കിതയ്ക്കാതെ നടക്കാൻ കഴിയും???എത്ര പേർക്ക് ആഡംബരം ഒഴിവാക്കി നടക്കുന്ന രാഷ്ട്രീയനേതാവിനെ ചൂണ്ടികാണിച്ചു ദേ മാതൃക നേതാവ് എന്ന് പറയാൻ കഴിയും???

നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി “സാണകം ” സവിട്ടാൻ റെഡിയാവുന്ന ടീംസിനു അന്നേരം ” സാണകം ” പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നുണ്ട്. എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ട് താനും.!!

NB : ഇനി ഈ പോസ്റ്റിന്റെ കീഴെ കൊണ്ട് ഒട്ടിക്കാൻ സാധ്യതയുള്ള സുരേഷ് ഗോപി നികുതി വെട്ടിച്ചു കാർ വാങ്ങിയേ എന്നുള്ള രോദനത്തിന് കൂടി മറുപടി അധ്വാൻസ് ആയിട്ട് തന്നേക്കാം. അങ്ങേര് കാർ വാങ്ങിയത് പാവങ്ങളുടെ അധ്വാനത്തിന്റെ പങ്ക് അടിച്ചു മാറ്റിയോ കയ്യിട്ട് വാരിയോ അല്ല. അന്തസ്സായി പണിയെടുത്തു ഉണ്ടാക്കിയ കാശ് വച്ച് വാങ്ങിയ കാറിന് നികുതി കുറവുള്ള സ്ഥലത്ത് പോയി രജിസ്ട്രേഷൻ നടത്തുന്നത് കൊടും പാതകം ഒന്നുമല്ല. നിലപാടിന്റെ രാജകുമാരൻ എന്ന് വാഴ്ത്തിപ്പാടുന്ന താരപുത്രൻ തൊട്ട് അപ്പുറത്തെ നാട്ടിലെ ഇളയ ദളപതി വരെ ചെയ്തത് തന്നെയാണ് അങ്ങേരും ചെയ്തത്. പിന്നെ നൂറ് ശതമാനം പെർഫെക്ട് ആയിട്ട് ഒരു മനുഷ്യനും ഇന്നോളം ഈ ഭൂമിയിൽ ഉണ്ടായിട്ടില്ല..