അത് മലയാളമല്ല; ശശി തരൂരിന്‍റെ താലിബാൻ പോസ്റ്റിന് മറുപടി

 | 
tweet

 കോൺ​ഗ്രസ്സ് എം.പി ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള താലിബാന്‍ ഭീകരവാദികളുടെ വീഡിയോയ്ക്ക് മറുപടി. തരൂർ പങ്കുവച്ച പോസ്റ്റിൽ  മലയാളികളുമുണ്ടെന്ന് സംശയമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വീഡിയോയില്‍ കേള്‍ക്കുന്നത് മലയാളമല്ലെന്നും അഫ്ഗാനിലെ സാഹുള്‍ പ്രവിശ്യയില്‍ താമസിക്കുന്നവര്‍ സംസാരിക്കുന്ന ബ്രാവി ഭാഷയാണിതെന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തയാള്‍ റിട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്.

ഇന്നലെ പുറത്തുവന്ന വീഡിയോയില്‍ താലിബാന്‍ കാബൂൾ കീഴ്പ്പെടുത്തിയതിനു പിന്നാലെ  ഭീകരവാദികളിലൊരാള്‍ നിലത്തിരുന്ന് കരയുന്നതായിരുന്നു ഉണ്ടായിരുന്നത്. അഫ്ഗാന്‍ പിടിച്ചടക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇയാള്‍. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ‘സംസാരിക്കട്ടെ’ എന്ന മലയാളപദത്തോട് സാമ്യമുള്ള ചില വാക്കുകള്‍ ഇയാളും കൂട്ടത്തിലുമുള്ള മറ്റൊരാളും പറയുന്നത് കേള്‍ക്കാമായിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് താലിബാനിലെ മലയാളി സാന്നിധ്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. താലിബാനില്‍ രണ്ട് മലയാളികളെങ്കിലുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്