പ്രമോദ് രാമനെ ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമി ക്വട്ടേഷന്‍! പുതിയ ആരോപണവുമായി വിനു വി.ജോണ്‍

ട്വിറ്ററിലാണ് പുതിയ ആരോപണവുമായി വിനു വി. ജോണ്‍ രംഗത്തെത്തിയിരിക്കുന്നത്.
 | 
Pramod Raman
മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ജമാ അത്തെ ഇസ്ലാമി ക്വട്ടേഷനെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണ്‍

മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍റെ ഫെയിസ്ബുക്ക് പോസ്റ്റ് ജമാ അത്തെ ഇസ്ലാമി ക്വട്ടേഷനെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണ്‍. ട്വിറ്ററിലാണ് പുതിയ ആരോപണവുമായി വിനു വി. ജോണ്‍ രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 26ന് താലിബാന്‍ മാറിയോ എന്ന ചര്‍ച്ചയില്‍ ജമാ അത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിലുള്ള പകയാണ് ജമാ അത്തെ ഇസ്ലാമി ചാനല്‍ എഡിറ്ററായ പ്രമോദ് രാമനെ ഉപയോഗിച്ച് എഫ്ബി പോസ്റ്റിലൂടെ തീര്‍ത്തതെന്നും വിനു പറയുന്നു.


ലഖിംപൂര്‍ ഖേഡിയില്‍ കര്‍ഷകരെ വാഹനം ഇടിച്ചു കയറ്റി കൊലപ്പെടുത്തിയ സംഭവം നില്‍ക്കെ മോന്‍സന്‍റെ കൈവശമുള്ള ചെമ്പോല ചര്‍ച്ചയാക്കിയ ഏഷ്യാനെറ്റ് ന്യൂസിനും അവതാരകന്‍ വിനു വി. ജോണിനും എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രമോദ് രാമന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. രാത്രി എട്ട് മണിക്ക് ചാനലിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാം എന്ന വിശേഷണമുള്ള പരിപാടിയില്‍ നിലയവിദ്വാന്‍ ആങ്കര്‍ വലിയ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, വളിച്ച മധ്യവര്‍ഗ, പുരുഷ, പിന്തിരിപ്പന്‍ വഷളത്തരങ്ങള്‍ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും എന്നായിരുന്നു പ്രമോദ് രാമന്‍ കുറിച്ചത്.

ഒരു രാത്രിയില്‍ രണ്ടു സ്ത്രീകളുടെ മോഡസറ്റിയെ വെല്ലുവിളിക്കുന്നതില്‍ നാം കണ്ട ഇന്‍സെന്‍സിറ്റിവിറ്റി മറ്റൊരു രാത്രിയില്‍ കര്‍ഷകമനസ് കാണാതെ പോകുന്ന തരത്തില്‍ നമുക്ക് മുന്നില്‍ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍ദയത്വത്തിന്റെ വിഷവേരുകള്‍ ആണെന്നും പ്രമോദ് രാമന്‍ കുറിച്ചിരുന്നു.

ഇതോടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മറുപടിയുമായി വിനു വി. ജോണും രംഗത്തെത്തി. ഷാര്‍ജ ഇന്ത്യന്‍ അസോ. ഹാളില്‍ തീവ്ര ലഹരിയില്‍ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റര്‍ മാധ്യമ സദാചാര പോസ്റ്റിട്ടിട്ടുണ്ട്. മുമ്പ് സഹപ്രവര്‍ത്തകനായിരുന്ന ടിയാന്റെ  'സാഹസ'ത്തിന് തമിഴന്മാര്‍ കൈ അടിച്ചൊടിച്ചപ്പോള്‍ ഈയുള്ളവന് മദിരാശിയിലേക്ക് ഒരു സ്ഥലം മാറ്റം കിട്ടിയിരുന്നുവെന്ന് വിനു വി. ജോണ്‍ ട്വീറ്റ് ചെയ്തു.