ജയലളിതയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതി സഹോദര പുത്രി ദീപയ്ക്ക് കൈമാറി
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന വസതി അനന്തരാവകാശിയായ ദീപ ജയകുമാറിന് കൈമാറി. വെള്ളിയാഴ്ച വൈകിട്ട് ചെന്നൈ ജില്ലാ ഭരണകൂടം ദീപയ്ക്ക് വീടിന്റെ താക്കോല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ദീപ വേദനിലയത്തില്‍ എത്തി. ഇവിടെത്തന്നെ താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദീപ വ്യക്തമാക്കി. ആദ്യമായാണ് ജയലളിതയില്ലാതെ ഈ വീട്ടില്‍ എത്തുന്നത്. വീട് ശൂന്യമായി തോന്നുന്നു. ജയലളിത ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ പോലും ഇവിടെ നിന്ന് മാറ്റിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
വീട് നിയമപരമായ അനന്തരാവകാശിക്ക് വിട്ടുകൊടുക്കാന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നവംബര്‍ 24ന് വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ദീപയ്ക്ക് വീട് വിട്ടുനല്‍കിയത്. ജയലളിതയുടെ മരണശേഷം വീട് അന്നത്തെ എഐഎഡിഎംകെ ഭരണകൂടം ഏറ്റെടുക്കുകയും സ്മാരകമാക്കി മാറ്റുകയും ചെയ്തിരുന്നു. ജയലളിതയുടെ ബന്ധുക്കളുമായി ആലോചിക്കാതെയായിരുന്നു ഇത്. ഇതിനെതിരെ ജയലളിതയുടെ സഹോദരന്‍ജകുമാറിന്റെ മക്കളായ ദീപയും ദീപക്കും കോടതിയെ സമീപിക്കുകയായിരുന്നു.
വീട് ബന്ധുക്കളായ ദീപയ്ക്കും ദീപക്കിനും അവകാശപ്പെട്ടതാണെന്നും അവര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കണമെന്നുമായിരുന്നു കോടതി വിധിച്ചത്. വീട് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പൊതുതാല്‍പര്യമില്ലെന്നും മറീന ബീച്ചില്‍ 80 കോടി ചെലവില്‍ നിര്‍മിച്ച ഒരു സ്മാരകം നിലവിലുള്ളപ്പോള്‍ അത് നല്‍കാത്ത എന്തു പ്രചോദനമായിരിക്കും ജനങ്ങള്‍ക്ക് വേദനിലയം നല്‍കുകയെന്നും കോടതി ചോദിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് എഐഎഡിഎംകെ പ്രതികരിച്ചത്.