ജെറ്റ് എയർവേസ് വീണ്ടും പറക്കുന്നു; അടുത്തവർഷം ആദ്യത്തോടെ ആഭ്യന്തര യാത്രകൾ

2022 അവസാനത്തിൽ അന്താരാഷ്ട്ര സർവീസും  തുടങ്ങും
 | 
JET AIRWAYS

ജെറ്റ് എയർവേസ് വിമാനങ്ങൾ വീണ്ടും പറക്കാൻ തുടങ്ങുന്നു. അടുത്ത വർഷം ആദ്യത്തോടെ ആഭ്യന്തര യാത്രകളിലൂടെയാണ് വിമാനകമ്പനി വീണ്ടും വരുന്നത്.  വർഷാവസാനത്തോടെ അന്താരാഷ്ട്ര സർവീസും തുടങ്ങും.  ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ആദ്യ ഫ്ലൈറ്റ് യാത്രയോടെയാണ് ആഭ്യന്തര സർവീസ് പുനരാരംഭിക്കുന്നത്. നിലവിലുണ്ടായിരുന്ന എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2019 ഏപ്രിലിലാണ് നഷ്ടം കാരണം കമ്പനി വിമാനസർവീസുകൾ നിർത്തിവക്കുന്നത്.

2022 വർഷത്തിന്റെ ആദ്യപാദത്തിൽ ആഭ്യന്തര സർവീസുകൾ തുടങ്ങുകയാണ് ജെറ്റ് എയർവേസ് 2.0 യിലൂടെ ലക്ഷ്യമിടുന്നതെന്ന് നോൺ എക്സിക്യുട്ടീവ് ചെയർമാൻ മുരാരി ലാൽ ജലൻ പറഞ്ഞു. വർഷാവസാനത്തോടെ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ 50ലധികം വിമാനങ്ങളും അഞ്ച് വർഷത്തിനുള്ളിൽ നൂറിലധികം വിമാനങ്ങളുമാണ് കമ്പനിയുടെ ലക്ഷ്യം. 

വിമാനക്കമ്പനിയുടെ ഇപ്പോഴത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ലണ്ടൻ ആസ്ഥാനമായുള്ള  ജലൻ കാൾറോക്ക് കൺസോർഷ്യമാണ്. 
"വ്യോമയാന ചരിത്രത്തിൽ ആദ്യമായാണ് ഒരു എയർലൈൻ 2 വർഷത്തിനു ശേഷം പുനരുജ്ജീവിപ്പിക്കുന്നത്.  ഈ ചരിത്രയാത്രയുടെ ഭാഗമാകാൻ ഞങ്ങൾ ആകാംഷയോെ കാത്തിരിക്കുകാണ്," ജലൻ പറഞ്ഞു.

സ്ലോട്ട് അലോക്കേഷൻ, എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ, രാത്രി പാർക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോൾ മുന്നോട്ടു പോകുന്നുണ്ട്. ജെറ്റ് എയർവേസിന്റെ പുനരുജ്ജീവന പദ്ധതി ജൂണിൽ ദേശീയ കമ്പനികളുടെ നിയമ ട്രിബ്യൂണൽ (എൻസിഎൽടി) അംഗീകരിച്ചിരുന്നു. വരും മാസങ്ങളിൽ പ്ലാൻ അനുസരിച്ച് എല്ലാ കടവും വീട്ടുമെന്നും കമ്പനി അറിയിച്ചു.   ഡൽഹി എൻസിആറിൽ ആയിരിക്കും ജെറ്റ് എയർവേയ്‌സ് ആസ്ഥാനം.