ജിഗ്‌നേഷ് മേവാനിയും കനയ്യ കുമാറും കോൺഗ്രസ്സിൽ ചേർന്നു
ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും സിപിഐ നേതാവ് കനയ്യ കുമാറും കോൺഗ്രസിൽ ചേർന്നു.
ഡൽഹിയിലെ ഷഹീദ് ഇ-അസം ഭഗത് സിങ് പാർക്കിൽ വെച്ച് രാഹുൽ ഗാന്ധിക്കും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഹർദിക് പട്ടേലിനുമൊപ്പം ഇരുവരും പാർട്ടിയിൽ ചേർന്നു. പിന്നീട് കോൺഗ്രസ് ആസ്ഥാനത്തെത്തി ഇരുവരും അംഗത്വം സ്വീകരിച്ചു.
ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ ഇരുനേതാക്കളും കോൺഗ്രസിൽ ചേരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഭഗത് സിങ്ങിന്റെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 28ന് കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.
ദളിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമാണ് ജിഗ്നേഷ് മേവാനി.
പാർട്ടിയിലെ തന്റെ സ്ഥാനം സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായുംസിപിഐ നേതാവായ കനയ്യ കുമാർ ഒന്നിലധികം തവണ സംസാരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാർ പാർട്ടിയിൽ അതൃപ്തനായിരുന്നു. ഇതാണ് കോൺഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്.
നേരത്തെ പഞ്ചാബിലെ നേതൃമാറ്റത്തിൽ അടക്കം കോൺഗ്രസിനെ പ്രശംസിച്ചുകൊണ്ട് ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തിൽ മേവാനിയുടെ വരവ് സഹായകമാകുമെന്നും കോൺഗ്രസ് കരുതുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു. മേവാനി മത്സരിച്ച വഡ്ഗാം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.