ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സേനാ അന്വേഷണം; പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രതിരോധമന്ത്രി

 | 
Rajnath Singh

ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്തസേനാ അന്വേഷണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അന്വേഷണ സംഘം ബുധനാഴ്ച തന്നെ വെല്ലിംഗ്ടണില്‍ എത്തി പരിശോധന ആരംഭിച്ചതായും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. സൂലൂരില്‍ നിന്ന് 11.48നാണ് ഹെലികോപ്ടര്‍ പുറപ്പെട്ടത്. 12.15ന് വെല്ലിംഗ്ടണില്‍ എത്തേണ്ടതായിരുന്നു. 12.08ന് സൂലൂര്‍ എയര്‍ ബേസുമായുള്ള ഹെലികോപ്ടറിന്റെ ബന്ധം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ പേരുകള്‍ മന്ത്രി പാര്‍ലമെന്റില്‍ വായിച്ചു. റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം വെള്ളിയാഴ്ച പൂര്‍ണ്ണ സൈനിക ബഹുമതികളോടെ നടക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സൈനിക ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു.