മൊഴിയെടുപ്പിന് ജോജു ജോര്‍ജ് എത്തില്ല; പ്രതികളെ കണ്ടെത്താന്‍ പോലീസ് വീഡിയോ അയച്ചു കൊടുക്കും

 | 
Joju

റോഡ് ഉപരോധ വിവാദത്തില്‍ മൊഴിയെടുപ്പിന് ജോജു ജോര്‍ജ് പോലീസ് സ്‌റ്റേഷനില്‍ എത്തില്ല. ഇന്ന് സ്‌റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സമരവും സംഘര്‍ഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ജോജുവിന് അയച്ചു കൊടുക്കാന്‍ പോലീസ് തീരുമാനിച്ചു. ജോജുവിനെ ആക്രമിച്ചവരെ തിരിച്ചറിയുന്നതിനായാണ് നടപടി.

കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നും പോലീസ് അറിയിച്ചു. നിലവില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ 7 പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. നടന്റെ കാര്‍ തകര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജോജുവിന് ഒപ്പമുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. റോഡ് ഉപരോധ സമരത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ഡിസിപി ഐശ്വര്യ ഡോംഗ്രെ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.