ജോജു ഒത്തുതീര്‍പ്പിന് ഇല്ലെന്ന് സൂചന; അറസ്റ്റിലായ പ്രതിയുടെ ജാമ്യഹര്‍ജിയില്‍ കക്ഷിചേരും

ഉപരോധ സമരത്തിനിടെ വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസും നടന്‍ ജോജു ജോര്‍ജുമായി ഒത്തുതീര്‍പ്പിന് സാധ്യത മങ്ങുന്നു. കേസില്‍ പിടിയിലായ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ ജോജു കക്ഷിചേരും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേസ് എറണാകുളം സിജെഎം കോടതി പരിഗണിക്കുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസില്‍ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു.
ജോജുവുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ജോജുവിന്റെ ഭാഗത്തും തെറ്റുണ്ടായെന്നും ഇരുപക്ഷവും ഇക്കാര്യം സമ്മതിച്ചെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു. കേസ് ഒത്തുതീര്‍പ്പിലേക്ക് എത്തുകയാണെന്ന സൂചനയാണ് മുഹമ്മദ് ഷിയാസ് നല്‍കിയത്. എന്നാല്‍ ഇതിനെ തകിടം മറിച്ചു കൊണ്ടാണ് ജോജു ജാമ്യ ഹര്‍ജിയില്‍ കക്ഷിചേരാന്‍ തീരുമാനിച്ചത്.
ജോജു ഒത്തുതീര്‍പ്പിന് സമ്മതിച്ചില്ലെങ്കില്‍ പ്രതികളായ 30 പേരെയും അറസ്റ്റ് ചെയ്യേണ്ടി വരും. വാഹനം തല്ലിത്തകര്‍ത്തുവെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും കാട്ടി ജോജു നല്‍കിയ പരാതിയില്‍ എട്ടു പേര്‍ക്കെതിരെയും ദേശീയപാത ഉപരോധിച്ച് ഗതാഗത തടസമുണ്ടാക്കിയതിന് 30 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.