ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തവരെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന
കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തവരെ തിരിച്ചറിഞ്ഞതായി പോലീസ്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്നാണ് സൂചന. ഇവരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിശദമായ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ജോജുവിന് ഒപ്പമുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. റോഡ് ഉപരോധ സമരത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ഡിസിപി ഐശ്വര്യ ഡോംഗ്രെ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി ഉള്‍പ്പെടെ 7 പേര്‍ക്ക് എതിരെ കേസെടുത്തിരുന്നു. ഇന്ധനവില വര്‍ദ്ധനവിന് എതിരെയാണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റിലയില്‍ ദേശീയപാത ഉപരോധിച്ചത്. സമരത്തില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ജോജു ജോര്‍ജ് സമര്‍ക്കാര്‍ക്ക് നേരെ പ്രതികരിച്ചത്.