ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: 5 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം; 37500 രൂപവീതം കെട്ടിവെക്കണം
നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. രണ്ട് ആള്‍ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിന്മേലുമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഓരോരുത്തരും 37500 രൂപ വീതം കെട്ടിവയ്ക്കുകയും വേണം.
മുന്‍ മേയർ ടോണി ചമ്മിണി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, തമ്മനം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജര്‍ജസ് വി.ജേക്കബ്, വൈറ്റില മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് മാളിയേക്കല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷെരീഫ് എന്നിവര്‍ക്കാണ് ബുധനാഴ്ച ജാമ്യം ലഭിച്ചത്. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്.
ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികള്‍ തിങ്കളാഴ്ചയാണ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ടോണി ചമ്മിണിയാണ് ഒന്നാംപ്രതി. കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധത്തിനെതിരേ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ ലാന്‍ഡ് റോവര്‍ കാറിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തെന്നാണ് കേസ്. സംഭവത്തില്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആകെ ആറുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.