ജോനാഥനും അബിഗേലും ഹീറോകൾ, രേഖാ ചിത്രം സഹായകരമായി; ADGP എം.ആർ. അജിത് കുമാർ
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികരണവുമായി ADGP എം.ആർ. ‘തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയുടെ സഹോദരനായ ജൊനാഥനാണ് ഒന്നാമത്തെ ഹീറോ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഹീറോ അബിഗേലാണ്. അബിഗേൽ പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച രണ്ട് പേരാണ് മൂന്നാമത്തെ ഹീറോകൾ. കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനായുള്ള ആസൂത്രണം ഒരുവർഷമായി നടത്തി. കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് ഒരു വർഷം മുന്നേ തന്നെ നിർമ്മിച്ചിരുന്നു. റ്റ് പല സ്ഥലങ്ങളിലും കിഡ്‌നാപ്പ് ചെയ്യാൻ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എ.ഡി.ജി.പി. പറഞ്ഞു.
കേരളം കണ്ട സുപ്രധാന കേസാണ് കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞു. 96 മണിക്കൂറിനുള്ളിൽ പ്രതികളെ മുഴുവൻ പിടികൂടാൻ സാധിച്ചു. കേസിൽ വഴിതിരിവായത് ആറുവയസുകാരി അബിഗേൽ പ്രതികളെ കുറിച്ച് നൽകിയ കൃത്യമായ വിവരണവും സഹോദരൻ ജോന്നാഥന്റെ ഇടപെടലുമാണെന്നും എഡിജിപി വ്യക്തമാക്കി.
ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പ്രതികൾ. ടികെഎം കോളേജിലെ ബിരുദദാരിയായ പദ്മകുമാർ കേബിൾ ടിവി സർവീസ് നടത്തി വരികയായിരുന്നു. കോവിഡിന് പിന്നാലെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി ഇയാൾ കഴിഞ്ഞ ഒരു വർഷമായി ഈ സാമ്പത്തിക പ്രതിസന്ധി നേരിടാൻ പദ്ധതികൾ നടപ്പിലാക്കി. ഇതുമായി ബന്ധപ്പെട്ട് വ്യാജമായി ഒരു നമ്പർ പ്ലേറ്റ് ഒരു വർഷം മുമ്പും രണ്ടാമത്തേത് ഈയിടെയും നിർമിച്ചു. പദ്ധതി നടപ്പാക്കാനായി പല സ്ഥലങ്ങളിലും യാത്ര ചെയ്തു. തട്ടിയെടുക്കാൻ കഴിയുന്ന കുട്ടികളെ കുറിച്ച് അന്വേഷിച്ചു. അതിനിടയിലാണ് അബിഗേലും സഹോദരനും ശ്രദ്ധയിൽപ്പെട്ടത്.
ഇതിനിടെ അബിഗേലിന്റെ മുത്തശ്ശിയുണ്ടായതിനാൽ, കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് രണ്ടാമത്തെ ശ്രമം നടത്തിയത്. സംഭവ ദിവസം വൈകിട്ട് നാലു മണിയോേെട പ്രദേശത്ത് എത്തിയിരുന്നു. കുട്ടിയെ വണ്ടിയിൽ വലിച്ചുകയറ്റിയ ശേഷം കുട്ടിയുടെ മുഖം പൊത്തി മടിയിൽ കിടത്തി, അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു ശേഷം ഗുളിക നൽകി. തുടർന്ന് ഫാംഹൗസിൽ എത്തിച്ച ശേഷം കുട്ടിയുടെ കൈയിൽ നിന്നും നമ്പർ വാങ്ങി ഓട്ടോയിൽ പാരിപ്പള്ളിയിലെത്തി. അവിടെ ഒരു കടയിൽ നിന്നും സാധനം വാങ്ങുകയും അവിടുത്തെ ഫോൺ വാങ്ങി പദ്മകുമാറിന്റെ ഭാര്യ കുട്ടിയുടെ അമ്മയുമായി സംസാരിക്കുകയും ചെയ്തു. ഇതിനിടെ സംഭവം വലിയ വാർത്തയായതും അറിഞ്ഞിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഫോൺ പോലും ഉപയോഗിക്കാതെയായിരുന്നു പ്രതികളുടെ നീക്കം.