മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; 4 പ്രതികള്‍ക്ക് ജീവപര്യന്തം

 | 
hd

മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) കൊല്ലപ്പെട്ട കേസിൽ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്കാണു ജീവപര്യന്തം. അഞ്ചാം പ്രതി അജയ് സേഥിക്ക് മൂന്നുവര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ്.രവീന്ദര്‍ കുമാര്‍ പാണ്ഡേയാണ് വിധി പ്രഖ്യാപിച്ചത്. 

 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. 'ഹെഡ്‌ലൈൻസ് ടുഡേ' വാർത്താ ചാനലിലെ മാധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥനെ 2008 സെപ്റ്റംബർ 30ന് സൗത്ത് ഡൽഹിയിലെ വസന്ത് കുഞ്ച് ഏരിയയ്ക്ക് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു അക്രമി സംഘം കാർ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടർന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.  പ്രാഥമിക അന്വേഷണത്തിൽ അപകടമരണമാണെന്ന സംശയം ഉണ്ടായിരുന്നെങ്കിലും വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ തലയ്‌ക്കേറ്റ വെടിയുണ്ടയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.