ഉത്ര വധക്കേസില്‍ വിധി അല്‍പ സമയത്തിനകം; സൂരജിനെ 12 മണിക്ക് ഹാജരാക്കും

 | 
Uthra
അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതി അല്‍പ സമയത്തിനകം വിധി പറയും

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതി അല്‍പ സമയത്തിനകം വിധി പറയും. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി 6 ആണ് കേസില്‍ വിധി പറയുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് പ്രതി സൂരജിനെ ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. 2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ ഉത്രയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണ് ഇത്. സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെൡവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പാമ്പിനെ തലയില്‍ പിടിച്ച് കടിപ്പിച്ചതാണെന്ന് തെളിയിക്കാന്‍ ഡമ്മി പരീക്ഷണം ഉള്‍പ്പെടെ നടത്തിയിരുന്നു.

കൊല നടത്താന്‍ പ്രതി ഉപയോഗിച്ച കുബുദ്ധിയും പാമ്പിനെ ആയുധമായി ഉപയോഗിച്ചതുമാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന വാദത്തിന് ആധാരം. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരവേ തന്നെ കേസില്‍ വിചാരണ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാംസാക്ഷിയുമാക്കി.