'ഒരു മകളോടോ സഹോദരിയോടോ ഉള്ള വാത്സല്യ പ്രകടനം മാത്രം'; സുരേഷ് ഗോപിയെ പിന്തുണച്ച് കെ സുരേന്ദ്രൻ
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മകളോടോ സഹോദരിയോടോ ഉള്ള വാത്സല്യം പ്രകടിപ്പിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ രാഷ്ട്രീയമായി ഒന്നും കാണേണ്ടതില്ലെന്നും വിഷയം വലിയ സംഭവമായി ഉയർത്തി കൊണ്ട് വരേണ്ടതാണെന്ന് കരുതുന്നില്ലെന്നും സുരേന്ദ്രൻപറഞ്ഞു.
സംഭവം സോഷ്യൽ മീഡിയയിൽ കണ്ടു. വലിയ സംഭവമായി ഉയർത്തി കൊണ്ട് വരേണ്ടതാണെന്ന് തോന്നുന്നില്ല. സുരേഷ് ഗോപി ആരോടും അപമര്യാദയായി പെരുമാറുന്ന ആളല്ല. വാത്സല്യത്തോടെ അദ്ദേഹം പെരുമാറിയതായിട്ടാണ് തനിക്ക് മനസ്സിലായത്. ഒരു മകളോടോ സഹോദരിയോടോ ഉള്ള വാത്സല്യം പ്രകടിപ്പിച്ചു എന്നുള്ളതിനപ്പുറം അതിൽ രാഷ്ട്രീയമായി ഒന്നും കാണേണ്ടതില്ല. സുരേഷ് ഗോപി എന്നു കേൾക്കുമ്പോൾ തന്നെ പ്രതിപക്ഷത്തിന് ഒരു വിഭ്രാന്തി വന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്നലെ കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാൽ മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഈ സംഭവത്തിൽ നിയമനടപി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് നിരവധിപേരാണ് ഇന്നലെ മുതൽ രംഗത്ത് വന്നത്.