നീതി ആയോഗിന്റെ ഹെല്‍ത്ത് ഇന്‍ഡെക്‌സ് പുറത്ത്; കേരളത്തിന് ഒന്നാം സ്ഥാനം, പിന്നില്‍ ഉത്തര്‍പ്രദേശ്
നീതി ആയോഗിന്റെ ഹെല്‍ത്ത് ഇന്‍ഡെക്‌സില്‍ കേരളത്തിന് ഒന്നാം സ്ഥാനം. 2019-20 റഫറന്‍സ് വര്‍ഷമായി പരിഗണിച്ച് തയ്യാറാക്കിയ നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സില്‍ ആരോഗ്യരംഗത്തെ മൊത്തത്തിലുള്ള പ്രകടനത്തിലാണ് കേരളം ഒന്നാമതെത്തിയത്. പട്ടികയില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. തമിഴനാടിന് രണ്ടാം സ്ഥാനവും തെലങ്കാനയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. 2018-2019 മുതല്‍ റഫറന്‍സ് വര്‍ഷമായ 2019-20 വരെയുള്ള പ്രകടനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയ സംസ്ഥാനങ്ങളില്‍ ഉത്തര്‍ പ്രദേശിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ പ്രകടനത്തിന്റെ കാര്യത്തിലും ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങളുടെ കാര്യത്തിലും മിസോറം ഒന്നാം സ്ഥാനത്തുമെത്തി.
കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ മൊത്തത്തിലുള്ള പ്രകടനത്തിന്റെ കാര്യത്തില്‍ പിന്നിലായിപ്പോയ ഡല്‍ഹിയും ജമ്മു കശ്മീരും പ്രകടനം മെച്ചപ്പെടുത്തിയതിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തി. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.