കെ-റെയില്‍; സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം, ആദ്യം കണ്ണൂര്‍ ജില്ലയില്‍
സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം പുറത്തിറങ്ങി. വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം. നൂറു ദിവസത്തിനുള്ളില്‍ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കണമെന്നാണ് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.
കണ്ണൂര്‍ ജില്ലയിലാണ് ആദ്യഘട്ടത്തില്‍ പഠനം നടത്തുക. പദ്ധതിക്കായി കല്ലിട്ട സ്ഥലങ്ങളിലാണ് പഠനം നടത്തുക. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഏറ്റവും വേഗം കല്ലിടല്‍ പുരോഗമിക്കുന്ന ജില്ല കണ്ണൂരാണ്. 106 ഹെക്ടര്‍ ഭൂമി ജില്ലയില്‍ ഏറ്റെടുക്കേണ്ടി വരും. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുനൂറോളം കല്ലുകളാണ് പദ്ധതിക്കായി കണ്ണൂരില്‍ സ്ഥാപിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി എത്രയാളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും, പദ്ധതി മൂലം എത്ര പേര്‍ക്ക് മാറിത്താമസിക്കേണ്ടി വരും, മറ്റ് പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ വിഷയങ്ങളാണ് പഠന വിധേയമാക്കുക. പഠന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും പുനരധിവാസ പാക്കേജും നഷ്ടപരിഹാരത്തുകയും നിശ്ചയിക്കുക.