കാബൂള്‍ വ്യോമപാത അടച്ചു; എയര്‍ ഇന്ത്യ വിമാന ദൗത്യം അനിശ്ചിതത്വത്തില്‍
ന്യൂഡല്‍ഹി: ആയിരത്തോളം വരുന്ന ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യ വിമാന ദൗത്യം അനിശ്ചിതത്വത്തില്‍. കാബൂള്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ യാത്ര നീളുന്നത്. വ്യോമപാത അടച്ചതായി സന്ദേശം ലഭിച്ചതിനാല്‍ 12.30ന് പുറപ്പെടാനിരുന്ന വിമാനത്തിന് പുറപ്പെടാനായില്ലെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്ന വിമാനങ്ങള്‍ അഫ്ഗാന്‍ വ്യോമപാത ഒഴിവാക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. അഫ്ഗാന്‍ വഴിയുള്ള ട്രാന്‍സിറ്റ് വിമാനങ്ങള്‍ മറ്റു പാതകള്‍ തേടണമെന്ന് അഫ്ഗാനിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മുതല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ തടിച്ചുകൂടിയതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
താലിബാന്‍ അധികാരത്തില്‍ എത്തിയതോടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടുപോകാനായി വിമാനത്താവളത്തില്‍ എത്തിയത്. ജനങ്ങള്‍ വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ തിക്കും തിരക്കുമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനിടെയുണ്ടായ വെടിവെയ്പ്പില്‍ 5 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.