ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമൽഹാസൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമൽഹാസൻ. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക. ഇന്ന് നടന്ന മക്കൾ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികൾ പ്രവർത്തനം ശക്തമാക്കിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമൽഹാസൻ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ മുൻപ് അറിയിച്ചിരുന്നു. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമൽഹാസൻ യോഗത്തിൽ പറഞ്ഞു.
നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സജ്ജമായി കഴിഞ്ഞു.