കനയ്യകുമാറിനെ മോഹിപ്പിച്ചത് ഭാവി ബീഹാർ മുഖ്യമന്ത്രി എന്ന വാഗ്‌ദാനം ആയിരിക്കാം: മുഹമ്മദ് മുഹ്‌സിൻ എംഎൽഎ
കനയ്യ കുമാറിന്റെ കോൺഗ്രസ്സ് പ്രവേശനത്തിൽ പ്രതികരണവുമായി സുഹൃത്തും സിപിഐ എംഎൽഎയുമായ മുഹമ്മദ് മുഹ്‌സിൻ. രാഹുലിനും കോൺഗ്രസിനും വേണ്ടത് കനയയുടെയും ജിഗ്നേഷ് മേവാനിയുടെയും ക്രൗഡ് പുള്ളർ ഇമേജ് മാത്രമാണ്. വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടാവും. ഭാവി ബീഹാർ മുഖ്യമന്ത്രി എന്ന വാഗ്‌ദാനം ആയിരിക്കാം കനയ്യ കുമാറിനെ മോഹിപ്പിച്ചത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
പോസ്റ്റ് വായിക്കാം.
പ്രിയ സുഹൃത്ത് കനയ്യകുമാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. പഞ്ചാബിലും ഉത്തർപ്രദേശിലും അടക്കം കോൺഗ്രസിൻറെ മുതിർന്ന നേതാക്കളും രാഹുൽഗാന്ധിയുടെ അടുപ്പക്കാരും ബിജെപിയിൽ ചേരുന്ന ഈ പ്രതിസന്ധിഘട്ടത്തിൽ സ്വന്തം അസ്തിത്വം നിലനിർത്താൻ രാഹുൽഗാന്ധി കിണഞ്ഞു പരിശ്രമിക്കുന്നതിൻറെ ഭാഗമായാണ് കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശവും. പത്തിലധികം തവണയാണ് രഹസ്യമായി കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാഹുൽഗാന്ധിയും കൂട്ടരും കന്ഹയ്യയെ കണ്ടത്. കൂടെയുള്ള പലരെയും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താൻ കഴിയാത്ത രീതിയിൽ രാഷ്ട്രീയ സമ്മർദ്ദത്തിലാണ് എന്നതും നിരവധിതവണ രാഹുലും ടീമും കനയ്യയോട് പറഞ്ഞിട്ടുണ്ട്. രാഹുലിനും കോൺഗ്രസിനും വേണ്ടത് കനയയുടെയും ജിഗ്നേഷ് മേവാനിയുടെയും ക്രൗഡ് പുള്ളർ ഇമേജ് മാത്രമാണ്. അവർ ഇതുവരെ ഉയർത്തിപ്പിടിച്ചിരുന്ന വിദ്യാർത്ഥി ഇടതുപക്ഷ ദളിത് രാഷ്ട്രീയം ഏറ്റെടുക്കാൻ കോൺഗ്രസ് രാഷ്ട്രീയം തയ്യാറായിട്ടുണ്ടോ എന്ന് വരുന്ന ദിവസങ്ങളിൽ നമുക്ക് കാത്തിരുന്നു കാണാം. ആശയമില്ലാതെയുള്ള രാഷ്ട്രീയം വെള്ളത്തിൽ നിന്ന് പുറത്തെത്തിയ മത്സ്യത്തെ പോലെയാണ്. തൻറെ ആശയ രൂപീകരണത്തിനു നിദാനമായ രാഷ്ട്രീയവും സംഘടനയും വിട്ടു പുതിയ പാർട്ടിയിലേക്ക് ചേക്കേറുമ്പോൾ കനയ്യ കുമാർ എന്ന രാഷ്ട്രീയ നേതാവ് താൻ ഇതുവരെ ഉയർത്തിയ പൊളിറ്റിക്സ് എങ്ങനെ കൊണ്ടുപോകും എന്നതും കാത്തിരുന്ന് കാണാം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനും, എൻ എസ് യു ഐ ക്കും യൂത്ത് കോൺഗ്രസിനും ഒരിക്കലും വളർത്തിയെടുക്കാൻ കഴിയാത്ത രാഷ്ട്രീയവും നേതൃഗുണവും ഇടതുപക്ഷ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ നിന്ന് ആർജിച്ച നിരവധിപേരെ കോൺഗ്രസ് പിന്നീട് ഏറ്റെടുത്തിട്ടുണ്ട്. ജെ എൻ യു ക്യാമ്പസിൽ നിന്ന് തന്നെ ഉണ്ട് നിരവധി ഉദാഹരണങ്ങൾ. ഇടതു വിദ്യാർഥി സംഘടനയിലൂടെ ഉയർന്ന ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് ആയി കോൺഗ്രസിലേക്ക് പോകുന്ന ആദ്യ വ്യക്തിയുമല്ല കനയ്യകുമാർ. ദേവി പ്രസാദ് ത്രിപാഠി (1975-76), ഷക്കീൽ അഹമ്മദ് ഖാൻ (1992-93), ബത്തിലാൽ ഭൈരവ (1996-97,97-98), സൈദ് നസീർ ഹുസൈൻ (1999-2000), സന്ദീപ് സിങ് (2007-8) മോഹിത് പാണ്ഡെ(2016-17), ഇപ്പോൾ കനയ്യകുമാറും . ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളിലൂടെ തീപ്പൊരി നേതാക്കളായ ഇവരിൽ ആരുടെയൊക്കെ പേരുകളാണ് ഇന്ന് കോൺഗ്രസിൽ കേൾക്കുന്നത്. കാരണം കോൺഗ്രസ് ഉൾക്കൊണ്ടത് വ്യക്തികളുടെ ഇമേജ് മാത്രമാണ് അവരുടെ രാഷ്ട്രീയമല്ല. ഇവരുടെയെല്ലാം രാഷ്ട്രീയ കാഴ്ചപ്പാടുകൾ കോൺഗ്രസ് പ്രവേശനത്തിലൂടെ അവസാനിക്കുന്നതാണ് നമ്മൾ കണ്ടത്. രാജ്യത്ത് കൊണ്ഗ്രെസ്സ് ഇതര പ്രസ്ഥാനത്തിലൂടെ ബദൽ സംവിധാനം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ഇല്ലാതെയാക്കുക എന്നതും ഇതിലൂടെ കോൺഗ്രസ്സ് സാധ്യമാക്കി എടുക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയെ രക്ഷപ്പെടുത്തുന്നതിന് പ്രത്യുപകാരമായി ഭാവി ബിഹാർ "മുഖ്യമന്ത്രി" സ്ഥാനവും കൂടെയുള്ളവർക്കുള്ള പദവിയുമെല്ലാം വാഗ്ദാനങ്ങളായിരിക്കാം. കനയ്യ കുമാറിനെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചവരുടെ വാഗ്ദാനങ്ങളാണിതെന്നതും ശ്രദ്ധേയമാണ്. എന്തായിരുന്നാലും സഹപാഠിയും, സുഹൃത്തും ഒന്നിച്ചു താമസിക്കുകയും, ഒരേ രാഷ്ട്രീയം പറയുകയും ചെയ്തിരുന്ന പ്രിയപ്പെട്ടവൻ പുതിയ രാഷ്ട്രീയ മേൽവിലാസം കണ്ടെത്തിയതിന് എല്ലാവിധ ആശംസകളും നേരുന്നു, നല്ലതു വരട്ടെ എന്നാശംസിക്കുന്നു. എന്തായാലും കനയ്യ കുമാറിൻറ വരവോടെ രാഹുൽഗാന്ധിയും, കോൺഗ്രസും രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ.. രാഹുൽഗാന്ധിക്കും ആശംസകൾ..
ഇനിമുതൽ കനയ്യക്ക് എതിരെയുള്ള സംഘപരിവാർ ആക്രമണം മയപ്പെടുമെന്നുറപ്പ്. കനയ്യകുമാർ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടാനുള്ള കാരണം ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ട് വെച്ചത് കൊണ്ടാണ്. കോൺഗ്രസ് രാഷ്ട്രീയം സംഘപരിവാർ രാഷ്ട്രീയത്തിന്റെ റിക്രൂട്മെന്റ് സെന്ററായിട്ട് കാലങ്ങളായി എന്നത് ആർക്കാണ് അറിയാത്തത്. അധികാരമുള്ള ഇടത്ത് മാത്രമാണ് കോൺഗ്രസ് നിലനിൽക്കുന്നത്. എന്നാൽ അധികാരങ്ങൾ ഇല്ലെങ്കിലും ചൂഷണങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ ഇടതുപക്ഷം നിലനിൽക്കും. വ്യക്തികൾ വ്യക്തിപരമായ താൽപര്യങ്ങൾ ഉണ്ടാകാം പക്ഷേ ആശയങ്ങൾ ഏറ്റെടുക്കാനും പോരാട്ടങ്ങൾ തുടരാനും ഇനിയും യുവാക്കളെ സംഭാവന ചെയ്യാൻ ഇന്ത്യൻ ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്. അപ്പോഴും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൂടി ഇടപെടുന്ന പാർട്ടികൾ എന്ന നിലക്ക്, കനയ്യയെ പോലുള്ള ജനപിന്തുണയുള്ള യുവാക്കളെ ഇടത് പക്ഷത്ത് പിടിച്ച് നിർത്താൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് സ്വയം ചോദിക്കേണ്ടതും അനിവാര്യമാണ് താനും. വർഗീയ-ഫാസിസ്റ്റ് രാഷ്ട്രീയത്തിനും സാമ്പത്തിക-സാമൂഹിക ചൂഷണങ്ങൾക്കും എതിരെ ആത്മാർത്ഥതയോടെ പോരാടാൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രമേ കഴിയൂ എന്ന യാഥാർഥ്യം കാലം വീണ്ടും വീണ്ടും തെളിയിക്കുന്നു. എന്നാൽ ഇന്ത്യയിൽ പല കഷണങ്ങളായി നിന്ന് ഇടതുപക്ഷ പാർട്ടികൾക്ക് എത്ര കാലം സംഘപരിവാറിനെ എതിർക്കാൻ കഴിയും എന്നതും ആലോചിക്കേണ്ടതാണ്. പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിൽ പുതുതലമുറയുമായും വിവിധ സാമൂഹ്യ വിഭാഗങ്ങളുമായും നിരന്തര സംവേദനവും പരിഗണയും അനിവാര്യതയാണെന്ന് കരുതുന്നു. രാജ്യത്തെ പുതിയ വെല്ലുവിളികളെ നേരിടാൻ ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും പുനരേകീകരണവും കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്നും കരുതുന്നു.
ഇങ്കുലാബ് സിന്ദാബാദ്.
മുഹമ്മദ് മുഹസിൻ എംഎൽഎ
Muhammed Muhassin
#LeftAlternative
#KanhaiyaKumar