കങ്കണ റണാവത്തിന്റെ കാര്‍ പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു; പ്രസ്താവനകളില്‍ മാപ്പു പറയണമെന്ന് ആവശ്യം

 | 
Kangana Ranaut

നടിയും സംഘപരിവാര്‍ അനുകൂലിയുമായ കങ്കണ റണാവത്തിന്റെ കാര്‍ പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞു. കിരാത്പൂര്‍ സാഹിബിലാണ് നടിയുടെ കാര്‍ കര്‍ഷകര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. സമരം ചെയ്ത കര്‍ഷകര്‍ക്ക് എതിരെയും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് എതിരെയും നടി നടത്തിയ പ്രസ്താവനകളില്‍ മാപ്പു പറയണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കങ്കണ കാറിനുള്ളില്‍ തന്നെ തുടരുകയാണ്.

സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികള്‍, ഖാലിസ്ഥാനികള്‍, സാമൂഹ്യവിരുദ്ധര്‍ എന്നിങ്ങനെയായിരുന്നു കങ്കണ വിശേഷിപ്പിച്ചിരുന്നത്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിരന്തരം കര്‍ഷകര്‍ക്കെതിരെ ഇവര്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയ നടി രാജ്യത്ത് ഏകാധിപത്യം വരണമെന്നും പറഞ്ഞിരുന്നു.

Kangana

കിരാത്പൂര്‍ സാഹിബിലൂടെ തന്റെ സുരക്ഷാ ജീവനക്കാരുമായി കാറില്‍ പോകുകയായിരുന്ന നടിയെ കര്‍ഷകര്‍ തടയുകയായിരുന്നു. കര്‍ഷക സംഘടനകളുടെ കൊടികളും മുദ്രാവാക്യം വിളികളുമായി കര്‍ഷകര്‍ നടിയെ വളഞ്ഞിരിക്കുകയാണ്. ഇതിനിടെ നടി സംഭവത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി വീഡിയോ പങ്കുവെച്ചു.

ജനക്കൂട്ടം തന്നെ വളഞ്ഞുവെച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമാണെന്നാണ് കങ്കണ പറയുന്നത്. പൊതുസ്ഥലത്ത് ആള്‍ക്കൂട്ട ആക്രമണമാണ് നടക്കുന്നത്. സുരക്ഷാ ജീവനക്കാരില്ലായിരുന്നൈങ്കില്‍ എനിക്ക് എന്തു സംഭവിക്കുമായിരുന്നു? അവിശ്വസനീയമായ സാഹചര്യമാണിത്. ഞാനൊരു രാഷ്ട്രീയക്കാരിയാണോ, എന്തിനാണ് ഇങ്ങനെയൊരു പെരുമാറ്റം? കങ്കണ ചോദിക്കുന്നു.