കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു

 | 
Puneeth Rajkumar

കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു. കനത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് 11.30 ഓടെ ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 46 കാരനായ പുനീത് കന്നഡ ചലച്ചിത്ര ഇതിഹാസം ഡോ.രാജ്കുമാറിന്റെ ഇളയ മകനാണ്. ആരാധകര്‍ അക്രമാസക്തരാകാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രിയിലും പുനീതിന്റെ വസതിയിലും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പവര്‍ സ്റ്റാര്‍ എന്നാണ് പുനീത് കന്നട സിനിമാ ലോകത്ത് അറിയപ്പെടുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ സ്ഥിതി മോശമായിരുന്നുവെന്നാണ് വിക്രം ഹോസ്പിറ്റലിലെ ഡോ.രംഗനാഥ് നായക് അറിയിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരമറിഞ്ഞ് കന്നട സിനിമാ താരങ്ങള്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ആശുപത്രിക്ക് പുറത്ത് ആരാധകര്‍ തടിച്ചു കൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. അപ്പു എന്നാണ് ആരാധകര്‍ പുനീതിനെ വിളിക്കുന്നത്. ബാലതാരമായി സിനിമയിലെത്തിയ പുനീത് 1985ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലറായ ദ്വിതയാണ് പുനീതിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. പവന്‍ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.