കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

 | 
RTPCR

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക നിര്‍ബന്ധമാക്കി. കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. മഹാരാഷ്ട്രയില്‍ നിന്നെത്തുന്നവര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും നിര്‍ദേശമുണ്ട്.

ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. സുധാകര്‍ കെ വ്യക്തമാക്കി. ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കര്‍ണാടക നിയന്ത്രണങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിരിക്കുകയാണ്.